---
title: "സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവൻകുട്ടി"
english_title: "Minister V Sivankutty says new career policy will be introduced in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15669/minister-v-sivankutty-says-new-career-policy-will-be-introduced-in-the-state"
published_at: "2021-12-12T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b56b56cd47a_images - 2021-12-12T085357.760.jpeg"
keywords: []
---

# സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി.

## Article Content

സംസ്ഥാനത്ത് പുതിയ കരിയർ നയം കൊണ്ടുവരുമെന്ന് തൊഴില്‍ മന്ത്രി വി ശിവൻകുട്ടി.

നിയുക്തി തൊഴിൽമേള – 2021 ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാവിധ കരിയർ ഡെവലപ്മെന്റ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക, സംസ്ഥാന കരിയർ ഡെവലപ്മെന്റ് മിഷൻ രൂപീകരിക്കുക, പഠനം പൂർത്തിയാക്കിയ എല്ലാവരെയും ഘട്ടംഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞത് പ്രകാരം തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും തൊഴിൽ മേളകൾ സംഘടിപ്പിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയ്ബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കളേയും ഉദ്യോഗാർത്ഥികളേയും ഒരേവേദിയിൽ കൊണ്ടുവന്ന് പരമാവധി തൊഴിൽ നേടിയെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മെഗാതൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. ഓൺലൈൻ സേവനങ്ങൾ തൊഴിലന്വേഷകരുടെ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ എൻഐസി യുടെ സഹായത്തോടെ തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15669/minister-v-sivankutty-says-new-career-policy-will-be-introduced-in-the-state)