---
title: "ശബരിമലയിലെ  പരമ്പരാഗത നീലിമല പാത ഭക്തര്‍ക്കായി തുറന്നു"
english_title: "Neelimala patha opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15671/neelimala-patha-opened"
published_at: "2021-12-12T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b5753358d1a_images - 2021-12-12T093556.400.jpeg"
keywords: []
---

# ശബരിമലയിലെ  പരമ്പരാഗത നീലിമല പാത ഭക്തര്‍ക്കായി തുറന്നു

> **Lead Summary:** പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഭക്തര്‍ക്കായി തുറന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ നല്‍കിയിരുന്നു.അയ്യപ്പ ഭക്തര്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും സജ്ജാമാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

## Article Content

പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത നീലിമല പാത ഭക്തര്‍ക്കായി തുറന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ നല്‍കിയിരുന്നു.അയ്യപ്പ ഭക്തര്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും സജ്ജാമാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെയാണ് പമ്ബയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്ബരാഗത പാത തുറന്നത്. പാതയിലെ മരാമത്ത്, ഇലക്‌ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചിരുന്നു. പാതയില്‍ ഏഴ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാര്‍ഡിയോളജി സെന്ററുകളും പ്രവര്‍ത്തിക്കും. കുടിവെള്ളത്തിനായി 44 കിയോസ്‌കുകളും, ചുക്കുവെള്ള വിതരണ സംവിധാനവും തയാറാക്കിയിട്ടുണ്ട്. 56 ടോയ്‌ലറ്റ് യൂണിറ്റുകളും തയാറാണ്. അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയര്‍മാര്‍ അടങ്ങുന്ന സ്ട്രച്ചര്‍ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.

കൊറോണ വ്യാപനം കുറഞ്ഞതോടെ ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച മുതല്‍ പമ്ബാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സ്നാനം ചെയ്യാന്‍ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. ത്രിവേണി മുതല്‍ നടപ്പാലം വരെയുള്ള 150 മീറ്ററിലും പാലത്തിനു ശേഷമുള്ള 170 മീറ്റര്‍ സ്ഥലത്തുമാണ് സ്‌നാനം അനുവദിക്കുക. തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ നാല് പ്രവേശന കവാടങ്ങളാണുണ്ടാവുക. ഇവയിലൂടെ മാത്രമേ സ്‌നാനം അനുവദിക്കുകയുള്ളു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15671/neelimala-patha-opened)