---
title: "#Kollam | കൊല്ലൂര്‍വിള സഹകരണ ബാങ്ക് ധൂര്‍ത്തായി ചെലവഴിച്ചത് 14 കോടിയിലധികം രൂപ"
english_title: "Kollurvila Cooperative Bank; More than 14 crore rupees were wasted and 112 irregularities were found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157275/kollurvila-cooperative-bank-more-than-14-crore-rupees-were-wasted-and-112-irregularities-were-found"
published_at: "2023-10-27T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b4e03d5600_download_(9).jfif"
keywords: []
---

# #Kollam | കൊല്ലൂര്‍വിള സഹകരണ ബാങ്ക് ധൂര്‍ത്തായി ചെലവഴിച്ചത് 14 കോടിയിലധികം രൂപ

> **Lead Summary:** **കൊല്ലം:** കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് ധൂര്‍ത്തായി ചെലവഴിച്ചത് 14 കോടി 23 ലക്ഷം രൂപ. പുതിയ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ സാധനങ്ങള്‍ വാങ്ങിയ വകയിലുമാണ് വകുപ്പിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. 2013ലെ ബാങ്കിന്റെ പുതിയ കെട്ടിട നിര്‍മ്മാണം മുതല്‍ കംപ്യൂട്ടര്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നതായി സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

## Article Content

**കൊല്ലം:** കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് ധൂര്‍ത്തായി ചെലവഴിച്ചത് 14 കോടി 23 ലക്ഷം രൂപ. പുതിയ കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ സാധനങ്ങള്‍ വാങ്ങിയ വകയിലുമാണ് വകുപ്പിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. 2013ലെ ബാങ്കിന്റെ പുതിയ കെട്ടിട നിര്‍മ്മാണം മുതല്‍ കംപ്യൂട്ടര്‍ വാങ്ങിയതില്‍ വരെ അഴിമതി നടന്നതായി സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് പള്ളിമുക്കില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി നാല് കോടി 21 ലക്ഷം രൂപയാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അനുമതി നല്‍കിയത്. ഈ തുകയ്ക്ക് ഏഷ്യന്‍ കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് എന്ന കമ്പനിയുമായി പ്രിലിമിനറി കരാര്‍ ഉണ്ടാക്കി. ഇന്റീരിയര്‍ ജോലി ഉള്‍പ്പടെ എല്ലാ പണിയും പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യവസ്ഥ.

നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ ചെലവ് അഞ്ച് കോടി 89 ലക്ഷം രൂപ. ഒരു കോടി 68 ലക്ഷം രൂപയാണ് അധികമായി വന്നത്. ഈ തുകയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല. പക്ഷേ ഈ തുക 4000 സക്വയര്‍ഫീറ്റ് ഇന്റീരിയര്‍ വര്‍ക്ക് ചെയ്തെന്നു കാണിച്ചു തുക വിലയിരുത്തുകയായിരുന്നു. ബാങ്കിന് അധികമായി ചെലവായ തുകയില്‍ ഒരു കണക്ക് ഡ്യു ഫ്രം സെക്രട്ടറി ആന്‍ഡ് ബോര്‍ഡ് 42,40150 രൂപ. കൂടാതെ ലോക്കറിലെന്ന പേരില്‍ 49,81,889 രൂപ, അനുമതിയില്ലാതെ കംപ്യൂട്ടര്‍ വാങ്ങിയതിന് 11, 39700 രൂപ ഉള്‍പ്പടെ ബാങ്കിന് ലഭിക്കാനുള്ളത് 14 കോടി 23 ലക്ഷം രൂപ.

സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ബാങ്കിന്റെ പൊതുഫണ്ടില്‍ നിന്ന് നഷ്ടം വന്ന കണക്കുകള്‍ പുറത്തറിഞ്ഞത്. പ്രസിഡന്റും സെക്രട്ടറിയും അവരുടെ താല്‍പര്യം ഉപയോഗപ്പെടുത്തി പണം തട്ടിയെന്നാണ് ആരോപണം. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ 5,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് കോടികളുടെ തട്ടിപ്പ് ബാങ്കില്‍ നടന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157275/kollurvila-cooperative-bank-more-than-14-crore-rupees-were-wasted-and-112-irregularities-were-found)