---
title: "#kannur | കണ്ണൂർ വിമാനത്താവളത്തിന്റെ വിഷയത്തിൽ കേന്ദ്രസർക്കാർ സമീപനം മാറ്റണം - അഡ്വ. പി സന്തോഷ് കുമാർ എം പി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157536/kannur"
published_at: "2023-10-28T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653c91580f03d_Screenshot_20231028-100939_WhatsApp.jpg"
keywords: []
---

# #kannur | കണ്ണൂർ വിമാനത്താവളത്തിന്റെ വിഷയത്തിൽ കേന്ദ്രസർക്കാർ സമീപനം മാറ്റണം - അഡ്വ. പി സന്തോഷ് കുമാർ എം പി 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിന്റെ വിഷയത്തിൽ കേന്ദ്രസർക്കാർ അവരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് അഡ്വ പി സന്തോഷ് കുമാർ എം.പി. എഐ വൈ എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കണ്ണൂർ വിമാനത്താവളത്തെ തകർക്കരുത് കണ്ണൂരിന്റെ വികസനം തടയരുത്' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: കണ്ണൂർ വിമാനത്താവളത്തിന്റെ വിഷയത്തിൽ കേന്ദ്രസർക്കാർ അവരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് അഡ്വ പി സന്തോഷ് കുമാർ എം.പി. എഐ വൈ എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കണ്ണൂർ വിമാനത്താവളത്തെ തകർക്കരുത് കണ്ണൂരിന്റെ വികസനം തടയരുത്' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇച്ഛാശക്തിയുള്ള ഭരണാധികാരികൾക്ക് വരുത്താൻ സാധിക്കുന്ന മാറ്റങ്ങൾ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇപ്പോഴുള്ളത്. കോടികൾ ചെലവഴിച്ച് ഏക്കറ് കണക്കിന് സ്ഥലം ഏറ്റെടുത്ത് സൗകര്യമുള്ള രീതിയിൽ പണിത എയർ പോർട്ട് നിലവിൽ അനാഥമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദുഃഖകരമായ അവസ്ഥയാണുള്ളത്.

ഇന്ത്യയിലെ മറ്റ് എയർപോർട്ടുകളെ താരതമ്യം ചെയ്യുമ്പോൾ കണ്ണൂരിനോട് കിടപിടിക്കുന്ന വിമാനത്താവളമില്ല എന്ന് തന്നെ പലരും അംഗീകരിച്ചതാണ്. അത്രയും സൗന്ദര്യവും സൗകര്യവുള്ളതാണ് കണ്ണൂർ വിമാനത്താവളം. വിമാനയാത്ര എന്നത് ഒരു സാധരണ സംഭവമായി മാറിയിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾ വരെ യാത്ര ചെയ്യാൻ വിമാന യാത്ര ഉപയോഗപ്പെടുത്തുന്നു. ജില്ലയിൽ ഐ ടി രംഗത്തും കൈത്തറി, കശുവണ്ടി മേഖലയിൽ നല്ല മുന്നേറ്റം ഉണ്ടാക്കാനുള്ള സാധ്യതകൾ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ മുന്നിൽ കണ്ടിരുന്നെങ്കിലും വിമാനത്താവളത്തിന്റെ വികസനം മുരടിച്ച് പോയികൊണ്ടിരിക്കുന്നതോടെ അത്തരം വികസനം സ്വപ്നങ്ങളെല്ലാം പാതിവഴിയിലായി. സംസ്ഥാന സർക്കാർ കണക്ക് പ്രകാരം വിദേശ ടൂറിസ്റ്റുകളുടെ ഏറ്റവും കുറഞ്ഞ വരവുള്ള ജില്ല കണ്ണൂരാണ്. അര ശതമാനത്തിൽ താഴെയാണ് ഇവിടെ വിദേശ ടൂറിസ്റ്റുകളുടെ വരവ്.

കണക്ടിവിറ്റിയുടെ പ്രശ്നമാണ് ഇതിന് കാരണം. ഈ എയർപോർട്ട് വളരെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഇതിന് കേന്ദ്ര സർക്കാരും ഏവിയേഷൻ വകുപ്പും നല്ലപോലെ മനസ്സു വെച്ചാൽ മതിയാകും. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിമാനത്താവളവുമായി ബന്ധപ്പെട്ട് മാത്രം 37 ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. മറ്റ് ജനപ്രതിനിധികളും നല്ല രീതിയിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. രാജ്യസഭയിൽ നിന്നും ലഭിച്ച മറുപടിയിൽ നിന്നും 527 വിമാന സർവീസുകളോടെ ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിൽ 2023 ഓടെ 6215 വിമാന സർവീസുകൾ നടത്തിയിട്ടുണ്ടെന്നാണ്. കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ വരുന്നുണ്ടെന്നും ആവശ്യത്തിന് വിമാന സർവീസ് ഉണ്ടെങ്കിൽ നല്ല രീതിയിൽ ജനങ്ങൾ ഉപയോഗപ്പെടുത്തും എന്നത് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ഇ

വിടെ ആവശ്യത്തിന് വിമാനമുണ്ടെങ്കിൽ യാത്ര ചെയ്യാൻ ആളുകൾ തയ്യാറാണ്. ആവശ്യത്തിന് വിദേശ വിമാന സർവ്വീസുകൾ കണ്ണൂർ വിമാനത്താവളത്തിലില്ല. ഉത്തര മലബാറിലെ നിരവധി പ്രവാസികൾക്ക് യാത്ര ചെയ്യാൻ ഏറ്റവും സൗകര്യം കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ്. വിദേശ വിമാന സർവീസുകൾ കണ്ണൂരിൽ ഇല്ലാത്തത് കണ്ണൂര് ഒരു പോയിന്റ് ഓഫ് കോളായി അനുവദിച്ചിട്ടില്ലെന്നത് കൊണ്ടാണ്. രാജ്യത്തെ 21 ഗ്രീൻ ഫീൽഡ് എയർപോർട്ടുകളിലൊന്നാണ് കണ്ണൂർ എയർപോർട്ട്. പക്ഷെ മെട്രോ സിറ്റികൾക്ക് മാത്രമെ ഈ പദവി നൽകുകയുള്ളു എന്ന പോളിസിയാണ് ഇതിന് തടസ്സം. കോവിഡ് കാലത്ത് മെട്രോ സിറ്റിയിലുള്ള കോൾ ഓഫ് പോയിന്റുള്ള വിമാനത്താവളം വരെ നഷ്ടത്തിലായിരുന്നു. അതു കൊണ്ട് വികസിച്ച് കൊണ്ടിരിക്കുന്ന കണ്ണൂർ വിമാന താവളത്തിന് പദവി നൽകാതിരിക്കുന്നത് ശരിയല്ല. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അനുകൂല സമീപനം സ്വീകരിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമാണുള്ളത്. വിമാന കൂലിയുടെ കാര്യത്തിലും റൂട്ടിന്റെ കാര്യത്തിലും കേന്ദ്ര സർക്കാർ ഇടപെടില്ലെന്ന പ്രഖ്യാപനം വളരെ അപകടകരമാണ്. എയർലൈൻ പോളിസിയിൽ വന്നിരിക്കുന്ന മാറ്റം ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. ഗ്രീൻ ഫീൽഡ് എയർപോർട്ടുകളെ വികസിപ്പിക്കുകയും മുന്നോട്ടു കൊണ്ടുപോകുകയുമെന്നതാണ് സർക്കാർ തീരുമാനം. എന്നാൽ അത്തരത്തിലുള്ള ഒരു സഹായവും കണ്ണൂരിന് കിട്ടുന്നില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ള അതി ശക്തമായ മുന്നേറ്റത്തിൽ എല്ലാവരും അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ പി അജയകുമാർ മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ, യുത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, യുവ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം ജിതിൻ രഘുനാഥ്‌, ആർവൈജെഡി ജില്ലാ സെക്രട്ടറി വി പി യദു കൃഷ്ണ, യൂത്ത് കോൺഗ്രസ്‌ എസ് സംസ്ഥാന പ്രസിഡന്റ്‌ സന്തോഷ്‌ കാല,എഐ വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി രജീഷ്,രാജൻ തറയത്ത്, പി വിജയൻ, ടി കെ രമേശ്‌ കുമാർ, കുഞ്ഞിലത്ത് ലക്ഷ്മണൻ, പി അജികുമാർ, ഉമർ അരിപാമ്പ്ര സംസാരിച്ചു.കെ ആർ ചന്ദ്രകാന്ത്, കെ വി പ്രശോഭ് തുടങ്ങിയവർ സംബന്ധിച്ചു. എ കെ ഉമേഷ്‌ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157536/kannur)