---
title: "ഇടത് വലത് മുന്നണികള്‍ ഹമാസിനെ അനുകൂലിക്കുന്നത് വോട്ടിന് വേണ്ടി: എ.പി. അബ്ദുള്ളക്കുട്ടി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157738/kannur"
published_at: "2023-10-29T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653db3b62b845_IMG-20231028-WA0028.jpg"
keywords: []
---

# ഇടത് വലത് മുന്നണികള്‍ ഹമാസിനെ അനുകൂലിക്കുന്നത് വോട്ടിന് വേണ്ടി: എ.പി. അബ്ദുള്ളക്കുട്ടി 

> **Lead Summary:** **കണ്ണൂര്‍**: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഹമാസിനെ അനുകൂലിക്കുന്നത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഏകദിന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂര്‍**: കേരളത്തിലെ ഇടത് വലത് മുന്നണികള്‍ ഹമാസിനെ അനുകൂലിക്കുന്നത് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ബിജെപി ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഏകദിന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹമാസെന്ന മതഭീകരവാദ സംഘടനയെ വെള്ള പൂശാന്‍ ഇരു വിഭാഗവും മത്സരിക്കുകയാണ്. ലീഗ് ഹമാസിനെ വിശേഷിപ്പിച്ചത് സ്വാതന്ത്ര്യസമര പോരാളികളെന്നാണ്. ഇന്ത്യയിലെ ഇസ്ലാമിക വിഭാഗങ്ങളില്‍ വളര്‍ന്നുവന്ന ചില ഭീകരവാദ സംഘടനകളുണ്ടായിരുന്നു. മദനിയുടെ ഐഎസ്എസ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയെ ഭീകരവാദികളെന്ന് പറഞ്ഞ മുസ്ലീം ലീഗ് ഐഎസ്‌ഐഎസിനെക്കാള്‍ പതിന്‍മടങ്ങ് ഭീകരവാദിയായ ഹമാസിനെ പോരാളികളെന്ന് പറഞ്ഞ് വെള്ള പൂശുന്നത് ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. ലീഗിന്റെ ഇരട്ടത്താപ്പിനെ കുറിച്ച് സിപിഎം മൗനം പാലിക്കുന്നു. കോണ്‍ഗ്രസ്സിന് പ്രതികരണമില്ല. കേരളത്തിലെ തീവ്ര മുസ്ലീം വിഭാഗങ്ങളുടെ പിന്തുണയ്ക്ക് വേണ്ടി ഇവര്‍ മത്സരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്.

സിപിഎം എന്നും സ്വീകരിച്ചിട്ടുള്ളത് വികസന വിരുദ്ധ നിലപാടുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് പിണറായിയും ശിവന്‍കുട്ടിയും പറയുന്നത്. പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ത്തത് പോലുള്ള ഹിമാലയന്‍ വിഢിത്തമാണിതെന്ന് സിപിഎമ്മിന് പിന്നീട് ബോധ്യപ്പെടും. കാരണം കേന്ദ്ര മത്സര പരീക്ഷകളെല്ലാം എന്‍സിഇആര്‍ടി സിലബസ്സിനെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്.

കേരളത്തില്‍ സിലബസ്സ് പരിഷ്‌കാരത്തിന് എതിരായാല്‍ മത്സര പരീക്ഷകളല്‍ നിന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പിറകോട്ട് പോകും. അതുകൊണ്ട് പിന്‍തിരിപ്പന്‍ നിലപാടില്‍ നിന്ന് പിണറായി സര്‍ക്കാര്‍ മാറിച്ചിന്തിക്കണം. വിദ്യാഭ്യാസവും ചിന്തശേഷിയുമുള്ള യുവതലമുറയുള്ള കേരളത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനാധിപത്യവാദികളായ വോട്ടര്‍മാരുടെ പിന്‍തുണയോടെ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ഉപധ്യക്ഷന്‍ പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലന വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാര്‍ ഗുപ്ത, സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വക്കറ്റ് ബി. ഗോപാല കൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ അഡ്വക്കറ്റ് ഇ. കൃഷ്ണദാസ്, സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍, സംസ്ഥാന സമിതിയംഗം ശ്രീപത്മനാഭന്‍, മേഖലാ സംഘടനാ സെക്രട്ടറി കാശിനാഥന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് സ്വാഗതവും മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157738/kannur)