---
title: "ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ സെമിക്കരികെ; നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക്"
english_title: "Cricket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/157963/cricket"
published_at: "2023-10-30T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f036c3e74b_Screenshot_20231030-064127_WhatsApp.jpg"
keywords: []
---

# ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ സെമിക്കരികെ; നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്തേക്ക്

> **Lead Summary:** **ലഖ്നൗ:** ബൗളർമാർ വീണ്ടും മികവിലേക്കുയർന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിക്കരികിൽ. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മികച്ച മാർജിനിലുള്ള ജയം സ്വന്തമാക്കിയത്.

## Article Content

**ലഖ്നൗ:** ബൗളർമാർ വീണ്ടും മികവിലേക്കുയർന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 100 റൺസിന് തകർത്ത് ഇന്ത്യ സെമിക്കരികിൽ. 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലീഷ് നിരയെ 34.5 ഓവറിൽ 129 റൺസിന് പുറത്താക്കിയാണ് ഇന്ത്യ മികച്ച മാർജിനിലുള്ള ജയം സ്വന്തമാക്കിയത്.

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികൾ ബാക്കിനിൽക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളിൽ ഒന്ന് ജയിച്ചാൽ ഇന്ത്യ സെമിയിലെത്തും.

അതേസമയം അഞ്ചാം തോൽവിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമി, മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ, രണ്ട് വിക്കറ്റെടുത്ത കുൽദീപ് യാദവ് എന്നിവരാണ് ഇംഗ്ലീഷ് ടീമിനെ തകർത്തത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 229 റൺസെടുത്തത്.

ഈ ലോകകപ്പിൽ ആദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്സിലുടനീളം ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 101 പന്തുകൾ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിലെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് സ്കോർ 200 കടത്തിയത്. 47 പന്തുകൾ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്തു. രോഹിത്തിനെയും സൂര്യയേയും കൂടാതെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത് കെ.എൽ രാഹുലിനും ജസ്പ്രീത് ബംറയ്ക്കും മാത്രമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/157963/cricket)