---
title: "സമരിറ്റന്‍ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഇനി ഇരിട്ടിയിലും"
english_title: "Paliyetive care unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158719/paliyetive-care-unit"
published_at: "2023-11-01T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65426ad0c1b6e_IMG-20231101-WA0162.jpg"
keywords: []
---

# സമരിറ്റന്‍ പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഇനി ഇരിട്ടിയിലും

> **Lead Summary:** ഇരിട്ടി സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് സേവനങ്ങൾ ഉളിക്കൽ, ഇരിട്ടി, പേരാവൂർ മേഖലകളിൽ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനവും പാലിയേറ്റിവ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് സേവനങ്ങൾ ഉളിക്കൽ, ഇരിട്ടി, പേരാവൂർ മേഖലകളിൽ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനവും പാലിയേറ്റിവ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ഇരിട്ടി നഗരസഭാ അധ്യക്ഷ കെ. ശ്രീലത അധ്യക്ഷത വഹിച്ചു.

സമരിറ്റൻ ഹോം ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ, പുഷ്പാരം ഐടിഐ പ്രിൻസിപ്പൽ ഫാ. ജോർജ് നെല്ലുവേലിൽ, ഫാ. പോൾ ഓലിക്കൽ ഫാ. അനൂപ് നരിമറ്റത്തിൽ, ഡോ. കെ.ജെ. ലില്ലി, കെ.വി. ശശിധരൻ, പ്രനീഷ്, ബിജു മാണിക്യത്താൻ, പി.എ.മനോജ്, സന്തോഷ് കുര്യൻ, ടോമി, ഷൈനി, ലത്തീഫ്, പ്രമോദ് എന്നിവർ പ്രസംഗിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഫാ. റോയി മുളകുപാടം സംസ്ഥാന അവാർഡ് നേടിയ ബിജു മാണിക്യത്താനെ സജീവ് ജോസഫ് എംഎൽഎ ആദരിച്ചു.

**പ്രവർത്തനം**

ജില്ലയിലെ മലയോര മേഖലകളെ കേന്ദ്രീകരിച്ച് 900 ൽ അധികം വീടുകളിൽ ഡോ. കെ.ജെ.ലില്ലിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഭവന കേന്ദ്രീകൃത സാന്ത്വന പരിചരണം നൽകുന്നുണ്ട്. ഇത് ഇരിട്ടി, ഉളിക്കൽ, പേരാവൂർ മേഖലകളിൽ കൂടുതലായി വ്യാപിപ്പിക്കും. കിടപ്പുരോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസെൻട്രേറ്റർ, ഓക്സിജൻ സിലിണ്ടർ, സെമി ഫോൾഡിങ് കട്ടിലുകൾ, വീൽചെയർ, വാക്കർ, എയർ ബഡ്, തുടങ്ങിയവയും ലഭ്യമാക്കുന്നുണ്ട്. കിടപ്പു രോഗികളുടെയും ഭിന്നശേഷിക്കാരുടെയും വിധവകളുടെയും സാമ്പത്തീകമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലുള്ളവരുടെയും മക്കൾക്കുള്ള സമഗ്ര വിദ്യാഭ്യാസ പദ്ധതി സിഎസ്ടി വൈദീകരുടെ കോഴിക്കോട് പ്രോവിൻസിന്റെയും എംജി കോളജ് ഇരിട്ടി, എസ്ഇഎസ് കോളജ് ശ്രീകണ്ഠാപുരം, നവജ്യോതി കോളജ് ചെറുപുഴ എന്നീ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്നുണ്ട്.

നിലവിൽ ഈ പദ്ധതിയിൽ 158 കുട്ടികൾ അംഗങ്ങളാണ്. വിവിധ അപകടങ്ങൾ മൂലം അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് വിവിധ സ്വയം തൊഴിൽ പരിശീലനം നൽകുന്നതോടൊപ്പം അവർ ഉണ്ടാക്കുന്ന കുടകൾ, സോപ്പുകൾ, ഹാൻഡ് വാഷ്, സോപ്പ് പൊടി, ഡിഷ് വാഷ്, ഫിനോയിൽ, അച്ചാറുകൾ തുടങ്ങിയവ സമരിറ്റന്റെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ വിപണനം ചെയ്യാനും സഹായിച്ചു വരുന്നു. നിർധനരായ 14 ഡയാലിസിസ് രോഗികൾക്ക് ഇരിട്ടി അമല ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ ഡയാലിസിസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടെ ഭവന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158719/paliyetive-care-unit)