---
title: "പേരട്ട- തൊട്ടിപ്പാലം റോഡരികിൽ ഒറ്റയാന്റെ പരാക്രമം: വീട്ടുമുറ്റത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/158768/iritty"
published_at: "2023-11-02T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6542f6e6ed850_IMG-20231102-WA0002.jpg"
keywords: []
---

# പേരട്ട- തൊട്ടിപ്പാലം റോഡരികിൽ ഒറ്റയാന്റെ പരാക്രമം: വീട്ടുമുറ്റത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി**: ഉളിക്കൽ പഞ്ചായത്തിലെ പേരട്ട- തൊട്ടിപ്പാലം റോഡരികിൽ ഒറ്റയാന്റെ താണ്ഡവം. പേരട്ട, തൊട്ടിപ്പാലം ടൗണുകൾക്കിടയിലെ തൊട്ടിപ്പാലം കെ.പി മുക്കിലെ ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റയാൻ റോഡരികിലെ തെങ്ങുകളും നിരവധി പേരുടെ വീട്ടുപറമ്പിലെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.

## Article Content

 **ഇരിട്ടി**: ഉളിക്കൽ പഞ്ചായത്തിലെ പേരട്ട- തൊട്ടിപ്പാലം റോഡരികിൽ ഒറ്റയാന്റെ താണ്ഡവം. പേരട്ട, തൊട്ടിപ്പാലം ടൗണുകൾക്കിടയിലെ തൊട്ടിപ്പാലം കെ.പി മുക്കിലെ ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റയാൻ റോഡരികിലെ തെങ്ങുകളും നിരവധി പേരുടെ വീട്ടുപറമ്പിലെ കൃഷികളും വ്യാപകമായി നശിപ്പിച്ചു.

കഴിഞ്ഞ രാത്രി മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും പേരട്ട പുഴകടന്ന് എത്തിയ ആന മേഖലയിലാകെ ഭീതി വിതച്ചു. രണ്ട് വർഷം മുൻമ്പ് വനത്തിൽ നിന്നും ഇതെ വഴിയിലൂടെ എത്തിയ കാട്ടാനയാണ് പെരിങ്കിരിവരെ എത്തി ജെസ്റ്റിൻ എന്ന യുവാവിനെ ചവിട്ടിക്കൊന്നത്.പുഴയോരത്ത് വനം വകുപ്പ് സ്ഥാപിച്ച സോളാർ വേലി തകർത്താണ് ആന എത്തിയത്. പേരട്ട , തൊട്ടിപ്പാലം ടൗണുകൾക്കിടയിൽ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശമാണിത്. ഒരാഴ്ച്ചക്കിടയിൽ നാലാം തവണയാണ് ആന എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

നേരത്തെ മൂന്ന് തവണയും പുഴയോരത്ത് ചേർന്നുള്ള കൃഷികളായിരുന്നു നശിപ്പിച്ചിരുന്നത്. ബുധനാഴ്ച്ച പുലർച്ചെ എത്തിയ ഒറ്റയാൻ റോഡ് വരെ എത്തി റോഡരികിലെ കൊച്ചുമുറിയിൽ സന്തോഷിന്റെ നിരവധി വാഴകളും തെങ്ങും നശിപ്പിച്ചു. ജോർജ്ജ് താഴെപ്പള്ളി, മുഴങ്ങുംതറ ജെയിംസ് എന്നിവരുടെ വീടിനോട് ചേർന്ന സ്ഥലത്തെ നിരവധി വാഴകളും തെങ്ങുകളും മറ്റ് കൃഷികളും നശിപ്പിച്ചു. രാത്രി യാത്ര ഒഴിവാക്കി നാട്ടുകാർ കർണാടക വന അതിർത്തിയോട് ചേർന്ന പേരട്ട- തൊട്ടിപ്പാലം റോഡിലൂടെയുള്ള രാത്രി യാത്ര നാട്ടുകാർ പരമാവധി ഒഴിവാക്കുകയാണ്. രാത്രി എഴുമണികഴിഞ്ഞാൽ ഏത് സമയവും ആനയെത്തുമെന്ന അവസ്ഥയാണ്.

ബുധനാഴ്ച ആനയെത്തിയ സമയത്ത് വാഹനങ്ങളും കാൽ നടയാത്രക്കാരും ഇല്ലാതിരുന്നത് മൂലമാണ് വൻ അപകടം ഒഴിവായത്. വർഷങ്ങൾക്ക് മുമ്പ് ഇവടെ വെച്ച് ഒരാളെ കാട്ടാന അക്രമിച്ചിരുന്നു. ജെസ്റ്റിന്റെ മരണത്തെ തുടർന്ന് ഉളിക്കൽ പഞ്ചായത്തിന്റെ 14 കിലോമീറ്റർ വനാതിർത്തി സോളാർ വേലി വനം വകുപ്പ് സ്ഥാപിച്ചതല്ലാതെ പിന്നീട് കാര്യമായ പരിചരണമെന്നും നടത്താതെ കാടു കയറിയും മരം വീണും വേലി പലഭാഗങ്ങലും തകർന്ന് കിടക്കുകയാണ്.

വാച്ചർമാരെ നിയമിക്കുകയും വേലി കടന്നുപോകുന്ന പ്രദേശത്തെ താമസക്കാരും വേലി പരിപാലിക്കുന്നതിന് മുൻകൈ എടുക്കേണ്ടതുണ്ട്. വേലി പരിപാലിക്കാൻ യാതൊരു തുകയും വകയിരുത്താത്ത വനംവകുപ്പിന്റെ വലിയ അനാസ്ഥയാണ് വേലി പൂർണ്ണമായും പ്രവർത്തന രഹിതമാകാൻ കാരണം. കഴിഞ്ഞ നാലുദിവസമായി ഒറ്റയാൻ ജനവാസ മേഖലയിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. രണ്ട് ആഴ്ച മുൻപാണ് കർണ്ണാടക വനത്തിൽ നിന്നും ഇറങ്ങിയ ഒറ്റയാൻ ഉളിക്കൽ ടൗണിൽ എത്തി ഒരാളെ കൊന്ന ശേഷം മടങ്ങിയത്. വീണ്ടും ഉളിക്കൽ പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് ഒറ്റയാൻ ഇറങ്ങി നാശം വിതയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/158768/iritty)