---
title: "കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചുകിട്ടിയിട്ടും കാര്യമില്ലെന്ന അവസ്ഥയിൽ പുഴാതി പ്രാഥമികാരോഗ്യകേന്ദ്രം"
english_title: "Puzhathi primary health center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159401/puzhathi-primary-health-center"
published_at: "2023-11-04T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545ec1dbdff4_Picsart_23-11-04_12-25-35-910.jpg"
keywords: []
---

# കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചുകിട്ടിയിട്ടും കാര്യമില്ലെന്ന അവസ്ഥയിൽ പുഴാതി പ്രാഥമികാരോഗ്യകേന്ദ്രം

> **Lead Summary:** **പുഴാതി** : കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചുകിട്ടിയിട്ടും കാര്യമില്ലെന്ന അവസ്ഥയിൽ പുഴാതി പ്രാഥമികാരോഗ്യകേന്ദ്രം. 40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റാത്തതും വളപ്പിലെ മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കാത്തതുമാണ് പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസ്സം.

## Article Content

**പുഴാതി** : കെട്ടിടം നിർമിക്കാൻ പണം അനുവദിച്ചുകിട്ടിയിട്ടും കാര്യമില്ലെന്ന അവസ്ഥയിൽ പുഴാതി പ്രാഥമികാരോഗ്യകേന്ദ്രം. 40 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റാത്തതും വളപ്പിലെ മരങ്ങൾ മുറിക്കാൻ അനുമതി ലഭിക്കാത്തതുമാണ് പുതിയ കെട്ടിടം നിർമിക്കുന്നതിന് തടസ്സം.

പുതിയ കെട്ടിടം നിർമിക്കുന്നതിന് ആർദ്രം 2022-23 വാർഷികപദ്ധതി പ്രകാരം 1.43 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. എന്നാൽ, പുതിയ കെട്ടിടം നിർമിക്കണമെങ്കിൽ 1978-ൽ നിർമിച്ച നിലവിൽ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടം പൊളിക്കണം.

കാനന്നൂർ ഹരിചന്ദ്ര വീവിങ്‌മിൽ സംഭാവനചെയ്ത ടി.എൻ.കുഞ്ഞിക്കണ്ണൻ സ്മാരക കെട്ടിടമാണിത്. കെട്ടിടം പൊളിക്കാൻ ആരോഗ്യ സെക്രട്ടേറിയറ്റിൽനിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ കെട്ടിടം പൊളിക്കേണ്ടത്‌ കോർപ്പറേഷനാണ്.

ഇതിന്റെ ടെൻ‍ഡർ വിളിക്കുന്നതിനായി ആരോഗ്യകേന്ദ്രം അധികൃതർ കോർപ്പറേഷന് കത്ത്‌ നൽകിയെങ്കിലും നടപടികൾ എങ്ങുമെത്തിയിട്ടില്ല. പുതിയ കെട്ടിടം നിർമിക്കാൻ വളപ്പിലെ എട്ടുമരങ്ങളും മുറിച്ചുമാറ്റണം. ഇതിനും അനുമതിയായിട്ടുണ്ട്. എന്നാൽ സാമൂഹ്യ വനംവകുപ്പ് നിശ്ചയിച്ച തുകയ്ക്ക് തടിലേലം നടന്നില്ല. അഞ്ചുതവണ ലേലം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ഇതിനെത്തുടർന്ന് കച്ചവടക്കാർ നിശ്ചയിച്ച വില ആരോഗ്യ സെക്രട്ടേറിയറ്റിൽ അറിയിച്ചെങ്കിലും തീരുമാനമായിട്ടില്ല. ഇതും പദ്ധതി വൈകാൻ കാരണമാകുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159401/puzhathi-primary-health-center)