---
title: "ട്രെയിൻ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകം: പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159501/train"
published_at: "2023-11-04T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6546454bb469d_n5535960861699103908332277617614072a6ad7b199cbc8de3f3599a2d34060e427df4bbce4d68fdd7bb99.jpg"
keywords: []
---

# ട്രെയിൻ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകം: പിന്നില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍

> **Lead Summary:** **ചാത്തന്നൂര്‍: **കേരളത്തിലേക്ക് ട്രെയിൻ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. പോലീസിന്‍റെയും റെയില്‍വേ സംരക്ഷണ സേനയുടെയും പരിശോധനകള്‍ ഇപ്പോള്‍ കാര്യമായി നടക്കാത്തതാണ് ഇതിന്‍റെ പ്രധാന കാരണം.

## Article Content

**ചാത്തന്നൂര്‍: **കേരളത്തിലേക്ക് ട്രെയിൻ മാര്‍ഗം കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. പോലീസിന്‍റെയും റെയില്‍വേ സംരക്ഷണ സേനയുടെയും പരിശോധനകള്‍ ഇപ്പോള്‍ കാര്യമായി നടക്കാത്തതാണ് ഇതിന്‍റെ പ്രധാന കാരണം.

കഴിഞ്ഞ ദിവസം എക്സൈസ് സംഘം കൊല്ലത്തെ കൊട്ടിയത്ത് അഞ്ചര കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവാക്കളെയാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. ബംഗാള്‍ കുച്ച്‌ ബിഹാര്‍ സ്വദേശി രവി ബര്‍മൻ (34), സിതാര്‍ കുറ്റിയില്‍ ഗോവിന്ദ് സര്‍ക്കാര്‍ (38) എന്നിവരാണ് പിടിയിലായത്.

പിടിയിലായ പ്രതികള്‍ ഗാര്‍ഡൻ നിര്‍മാണ തൊഴിലാളികളാണ്. രവിന്ദ്ര ബര്‍മൻ 10 വര്‍ഷമായി കൊട്ടിയത്ത് താമസിച്ചു വരികയാണ്. ഇയാള്‍ കഴിഞ്ഞ കുറെ നാളുകളായി കഞ്ചാവ് മൊത്തമായും ചില്ലറയായും വില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദീര്‍ഘദൂര ട്രെയിനുകളില്‍ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നത്. നിരോധിത പാൻ മസാലകളും ഇങ്ങനെ എത്തുന്നുണ്ടന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദീര്‍ഘദൂര വണ്ടികളില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ലഗേജും മറ്റും ഇപ്പോള്‍ റെയില്‍വേ പോലീസ് കാര്യമായി പരിശോധിക്കാറില്ല. സ്റ്റേഷന് അകത്ത് കയറി പരിശോധനകള്‍ നടത്തുന്നതിന് എക്സൈസിനും ചില പരിമിതികള്‍ ഉണ്ട്. ഇതാണ് കഞ്ചാവ് ലോബി മൂതലെടുക്കുന്നത്.

കൊട്ടിയത്ത് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെറുകിട വ്യാപാരം നടത്തുന്ന ചിലര്‍ അടക്കം എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. സ്കൂള്‍ പരിസരത്ത് അടക്കം ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പിന നടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159501/train)