---
title: "ദക്ഷിണാഫ്രിക്കയെ തല്ലിത്തകർത്ത് പിറന്നാൾ ആഘോഷമാക്കി കിങ് കോലി; സെഞ്ചുറികളിൽ സച്ചിന്‍റെ റെക്കോർഡിനൊപ്പം"
english_title: "Cricket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159746/cricket"
published_at: "2023-11-05T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65478d6f42dd0_Screenshot_20231105-181025_Facebook.jpg"
keywords: []
---

# ദക്ഷിണാഫ്രിക്കയെ തല്ലിത്തകർത്ത് പിറന്നാൾ ആഘോഷമാക്കി കിങ് കോലി; സെഞ്ചുറികളിൽ സച്ചിന്‍റെ റെക്കോർഡിനൊപ്പം

> **Lead Summary:** **കൊല്‍ക്കത്ത**: മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകജിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തി വിരാട് കോലി. ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടിയാണ് കോലി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

## Article Content

**കൊല്‍ക്കത്ത**: മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഏകജിന സെഞ്ചുറികളില്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പെമത്തി വിരാട് കോലി. ലോകകപ്പില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടിയാണ് കോലി സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ കോലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ചുറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തില്‍ 10 ബൗണ്ടറികള്‍ പറത്തിയാണ് കോലി സെഞ്ചുറിയടിച്ചത്. ഈ ലോകകപ്പില്‍ രണ്ട് തവണ സെഞ്ചുറിക്ക് അരികെ പുറത്തായ കോലി പക്ഷെ ദക്ഷിണാഫ്രിക്കക്കെതിരെ പിഴച്ചില്ല. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ക്ഷമയോടെ ബാറ്റ് ചെയ്ത കോലി ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ ഉറപ്പാക്കിയതിനൊപ്പം റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു.

അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ 119-ാം അര്‍ധ സെഞ്ചുറി നേടിയ കോലി 118 അര്‍ധസെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയെ ആണ് ഇന്ന് മറികടന്നത്. 145 അര്‍ധസെഞ്ചുറികള്‍ കുറിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ലോകകപ്പില്‍ 1500 റണ്‍സ് പിന്നിട്ട കോലി ലോകകപ്പ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 45 മത്സരങ്ങളില്‍ 2278 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറും 46 മത്സരങ്ങളില്‍ 1743 റണ്‍സ് നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗും മാത്രമാണ് ലോകകപ്പ് റണ്‍വേട്ടയില്‍ ഇനി കോലിക്ക് മുന്നിലുള്ളത്. സച്ചിനും രോഹിത് ശര്‍മക്കും ശേഷം ലോകകപ്പില്‍ ലോകകപ്പില്‍ 500ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്ററാവാനും കോലിക്കായി. സച്ചിന്‍ 2003, 2011 ലോകകപ്പിലും രോഹിത് 2019 ലോകകപ്പിലും 500 ലേറെ റണ്‍സ് നേടിയിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് കോലി. വിനോദ് കാംബ്ലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സനത് ജയസൂര്യ റോസ് ടെയ്‌ലർ, ടോം ലാഥം, മിച്ല്‍ മാര്‍ഷ് എന്നിവരാണ് കോലിക്ക് മുമ്പ് പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടിയവര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159746/cricket)