---
title: "കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി നിലച്ചു"
english_title: "The construction work of the bridge was stopped in Kanam field"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16017/The-construction-work-of-the-bridge-was-stopped-in-Kanam-field"
published_at: "2021-12-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8699d6024a_IMG-20211214-WA0062.jpg"
keywords: []
---

# കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി നിലച്ചു

> **Lead Summary:** ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി നിലച്ചു. മാസങ്ങളായി നിർമ്മാണം നിലച്ചിട്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണു തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്ത് പാലം പണിയാൻ ഒന്നര കോടി രൂപ അനുവദിച്ചത്. അന്നത്തെ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയാണ് തുക അനുവദിച്ചത്.ഈ സമയം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോഷി ജോസ് മുൻകൈയെടുത്താണു പാലം നിർമാണത്തിനു അനുമതി നേടിയെടുത്തത്.

## Article Content

ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ പട്ടികവർഗ കോളനിയിലേക്കുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി നിലച്ചു. മാസങ്ങളായി നിർമ്മാണം നിലച്ചിട്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ കാലത്താണു തേജസ്വിനിപ്പുഴയുടെ കാനംവയൽ ഭാഗത്ത് പാലം പണിയാൻ ഒന്നര കോടി രൂപ അനുവദിച്ചത്. അന്നത്തെ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മിയാണ് തുക അനുവദിച്ചത്.ഈ സമയം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റോഷി ജോസ് മുൻകൈയെടുത്താണു പാലം നിർമാണത്തിനു അനുമതി നേടിയെടുത്തത്.

2014 മേയ് 31ന് കോളനിയിൽ നടന്ന പൊതുപരിപാടിയിലാണു മന്ത്രി പാലം നിർമാണത്തിനു പണം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.മഴക്കാലമായാൽ കോളനി നിവാസികൾക്കു പുറംലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക മാർഗം പുഴയ്ക്കു കുറുകെ നിർമിച്ച മുളപ്പാലം മാത്രമാണ്. എന്നാൽ ഓരോ മഴക്കാലം കഴിയുമ്പോഴും വൻതുക മുടക്കി നിർമിച്ച മുളപ്പാലം തകരും. ഇതിനു പരിഹാരം എന്ന നിലയിലാണു സ്ഥിരം പാലം നിർമിക്കാൻ മന്ത്രി പണം അനുവദിച്ചത്.

തുടർന്നു എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ നിർമാണ ചെലവ് വർധിച്ചു. ഒന്നര കോടി രൂപ കൊണ്ടു പാലം നിർമിക്കാനാവില്ലെന്ന സ്ഥിതി വന്നതോടെ നിർമാണം നിലച്ചു. പിന്നീട് ഒരോ കാരണങ്ങളാൽ പാലം പണി നീണ്ടുപോയി. ഏറ്റവും ഒടുവിൽ പുതിയ എസ്റ്റിമേറ്റ് തയാറാക്കിയാണു പാലത്തിന്റെ നിർമാണം ആരംഭിച്ചത്. പൂർത്തിയായത് 2 തൂണുകളും അതിന് മുകളിലെ സ്ലാബും മാത്രമാണ്.അടുത്ത മഴക്കാലത്തിനു മുൻപ് പാലം പണി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16017/The-construction-work-of-the-bridge-was-stopped-in-Kanam-field)