---
title: "പരിഷ്കരണം പാളി; എസ്‌ഐമാര്‍ക്ക് വീണ്ടും സ്റ്റേഷൻ ചുമതല നല്‍കും"
english_title: "Police station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160884/police-station"
published_at: "2023-11-09T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ce7d39f6b2_n55519647616995387427278cf8e11726efdb9e5b306eab8c490259b978648d1ce4787d130e693c2c459cc9.jpg"
keywords: []
---

# പരിഷ്കരണം പാളി; എസ്‌ഐമാര്‍ക്ക് വീണ്ടും സ്റ്റേഷൻ ചുമതല നല്‍കും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍മാരെ എസ്‌എച്ച്‌ഒ മാരാക്കിയ പരിഷ്കാരം ഗുണം ചെയ്തില്ലെന്ന പോലീസ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവിറക്കാൻ നീക്കം. വീണ്ടും എസ്‌ഐമാര്‍ക്ക് എസ്‌എച്ച്‌ഒ ചുമതല നല്‍കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ആലോചന.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍മാരെ എസ്‌എച്ച്‌ഒ മാരാക്കിയ പരിഷ്കാരം ഗുണം ചെയ്തില്ലെന്ന പോലീസ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവിറക്കാൻ നീക്കം. വീണ്ടും എസ്‌ഐമാര്‍ക്ക് എസ്‌എച്ച്‌ഒ ചുമതല നല്‍കാനാണ് ആഭ്യന്തരവകുപ്പിന്‍റെ ആലോചന.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് 472 പോലീസ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒമാരായി സര്‍ക്കിള്‍ ഇൻസ്പെക്ടര്‍മാരെ നിയമിച്ച്‌ പുതിയ പരിഷ്കാരം കൊണ്ട് വന്നത്. മുൻപ് എസ്‌ഐമാര്‍ക്കായിരുന്നു സ്റ്റേഷൻ ചുമതല.

ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ചുമതല എസ്‌ഐമാരില്‍ നിന്നും സിഐമാര്‍ക്ക് നല്‍കിയത്. 2018 നവംബര്‍ ഒന്നിന് പോലീസില്‍ പുതിയ പരിഷ്കാരം നിലവില്‍ വന്നു.

മുൻപ് രണ്ട് പോലീസ് സ്റ്റേഷനുകളുടെ മേല്‍നോട്ടം വഹിച്ചിരുന്ന സിഐമാര്‍ക്ക് ഒരു പോലീസ് സ്റ്റേഷന്‍റെ മാത്രം പൂര്‍ണ ചുമതല നല്‍കുകയായിരുന്നു. എസ്‌ഐമാരായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ പ്രമോഷൻ നല്‍കിയായിരുന്നു നിയമനം.

പരിഷ്കാരം നിലവില്‍ വന്നതോടെ പല സ്റ്റേഷനുകളിലും എസ്‌എച്ച്‌ഒമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് പോലീസിന്‍റെ പ്രവര്‍ത്തനങ്ങളെയും മന്ദഗതിയിലാക്കിയെന്ന് എസ്പിമാര്‍ കണ്ടെത്തിയിരുന്നു.

എസ്‌എച്ച്‌ഒമാരുടെ മേല്‍നോട്ട ചുമതല ഡിവൈഎസ്പിമാര്‍ക്കായിരുന്നു നല്‍കിയിരുന്നത്. ഓരോ സബ് ഡിവിഷനുകളിലും ആറില്‍പരം പോലീസ് സ്റ്റേഷനുകളുടെ മേല്‍നോട്ടം ഡിവൈഎസ്പിമാര്‍ ശ്രദ്ധിക്കേണ്ടതായി വന്നിരുന്നു.

പുതുതായി സര്‍വീസില്‍ കയറിയ എസ്‌ഐമാരില്‍ പലരും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ ഊര്‍ജസ്വലത കാട്ടാത്തത് കാരണം സ്റ്റേഷൻ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയായിരുന്നു. എസ്‌എച്ച്‌ഒ മാര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ കുടിയതും സ്റ്റേഷൻ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയായിരുന്നു.

എഡിജിപി വിളിച്ച്‌ ചേര്‍ത്ത പോലീസിന്‍റെ ഉന്നതതല യോഗങ്ങളില്‍ സിഐമാരെ എസ്‌എച്ച്‌ഒ മാരാക്കി നിയമിച്ച പരിഷ്കാരം ഗുണം ചെയ്തില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡിജിപി ടി.കെ.വിനോദ് കുമാര്‍ അധ്യക്ഷനായ നാലംഗ സമിതിയെ പരിഷ്കരണത്തെക്കുറിച്ച്‌ പഠിക്കാനും സ്റ്റേഷൻ ഭരണം കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാൻ നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സ്റ്റേഷൻ ചുമതല സിഐമാരില്‍ നിന്നും എസ്‌ഐമാര്‍ക്ക് നല്‍കണമെന്ന ശിപാര്‍ശ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നു.

2024 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാര്‍ക്ക് തിരികെ നല്‍കാനുള്ള നടപടികളുമായാണ് ആഭ്യന്തരവകുപ്പ് മുന്നോട്ടുപോകുന്നത്. നിലവില്‍ സ്റ്റേഷൻ ചുമതല വഹിക്കുന്ന സിഐമാരെ വിജിലൻസിലേക്കും സൈബര്‍ പോലീസിലേക്കും ക്രൈംബ്രാഞ്ചിലേക്കും മാറ്റി നിയമിക്കാനാണ് ആലോചിക്കുന്നത്.

സര്‍ക്കിള്‍ ഇൻസ്പെക്ടര്‍മാരെ എസ്‌എച്ച്‌ഒ മാരാക്കിയ പരിഷ്കാരം ഫലവത്താകാത്തതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തുവെന്ന് നേരത്തെ രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160884/police-station)