---
title: "യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161166/arrested"
published_at: "2023-11-10T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e42a5de096_n55550331416996275528326c389456b2418eff5133aaedbe3fe9bf2d3fb1d58ad107de0c016a1164edc207.jpg"
keywords: []
---

# യുവതി തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

> **Lead Summary:** **അതിരമ്ബുഴ: **കോട്ടയം അതിരമ്ബുഴ സ്വദേശിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അതിരമ്ബുഴ ശ്രീകണ്ഠമംഗലം പാക്കത്തു കുന്നേല്‍ അനില്‍ വര്‍ക്കിയാണ് അറസ്റ്റിലായത്.

## Article Content

**അതിരമ്ബുഴ: **കോട്ടയം അതിരമ്ബുഴ സ്വദേശിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അതിരമ്ബുഴ ശ്രീകണ്ഠമംഗലം പാക്കത്തു കുന്നേല്‍ അനില്‍ വര്‍ക്കിയാണ് അറസ്റ്റിലായത്.

അനിലിന്‍റെ ഭാര്യ അതിരമ്ബുഴ കാട്ടുപ്പാറയില്‍ ഷൈമോള്‍ സേവ്യര്‍ (24) ചൊവ്വാഴ്ച രാവിലെയാണ് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച്‌ ഷൈമോളുടെ മാതാവ് ഷീല ഷാജി ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് അനില്‍ വര്‍ക്കിയെ പോലീസ് അറസ്റ്റു ചെയ്തത്.

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചെന്നും ഉടൻ വരണമെന്നും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഷൈമോളുടെ അമ്മയെ ഫോണില്‍ അറിയിക്കുകയായിരുന്നുവെന്ന് ഷൈമോളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആശുപ്രതിയില്‍ എത്തിയപ്പോഴാണ് മകള്‍ മരിച്ചതായി അറിയുന്നത്.

മകളെ അപായപ്പെടുത്തിയെന്ന സംശയത്തില്‍ മാതാവ് ഷീല ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നതായി മകള്‍ പറഞ്ഞിരുന്നുവെന്നും ഷീല പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

ഭര്‍തൃവീട്ടിലെ പീഡനം സഹിക്കവയ്യാതെ ഷൈമോള്‍ കഴിഞ്ഞ ഞായറാഴ്ച സ്വന്തം വീട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഷൈമോളുടെ അമ്മയും ബന്ധുക്കളും ഭര്‍തൃവീട്ടിലെത്തി സംസാരിച്ചു. ഇനി തങ്ങളുടെ ഭാഗത്തുനിന്നു യാതൊരു ഉപദ്രവവും ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയതോടെ ഷൈമോള്‍ തിരികെ ഭര്‍തൃവീട്ടിലെത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഷൈമോള്‍ അമ്മയെ വിളിച്ച്‌ വീണ്ടും പരാതി പറഞ്ഞു. വീട്ടിലേക്കു പോരാൻ അമ്മ പറയുമ്ബോഴേക്കും പെട്ടെന്നു ഫോണ്‍ കട്ടാക്കിയെന്ന് ഷൈമോളുടെ സഹോദരന്മാര്‍ പറഞ്ഞു. ഷൈമോളുടെ ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേര്‍ക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഭര്‍തൃവീട്ടില്‍ ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി. ഷൈമോളുടെ വീട്ടിലെത്തിയ പോലീസ് സംഘം അമ്മ ഷീലയുടെയും സഹോദരന്മാരുടെയും മൊഴി രേഖപ്പെടുത്തി.നാലു വര്‍ഷം മുമ്ബായിരുന്നു ഷൈമോളുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഭര്‍ത്താവ് അനില്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ്. രണ്ടു വയസുള്ള കുട്ടിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161166/arrested)