---
title: "തലശേരിയില്‍ വീണ്ടും അജ്ഞാതരോഗം; 22 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161168/thalassery"
published_at: "2023-11-10T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e479746d58_n5554862741699628831481f69d8168b9e618f18f8ffefb2b43d4e19d409e2ede6c5e763fc34b561d095c03.jpg"
keywords: []
---

# തലശേരിയില്‍ വീണ്ടും അജ്ഞാതരോഗം; 22 വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

> **Lead Summary:** **തലശേരി: **സിക്ക വൈറസ് ഭീതി വിട്ടൊഴിയും മുമ്ബ് തലശേരിയില്‍ വീണ്ടും അജ്ഞാത രോഗം. അലര്‍ജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 22 വിദ്യാര്‍ഥിനികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 15 വിദ്യാര്‍ഥിനികളുടെ രക്ത-സ്രവ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു.

## Article Content

**തലശേരി: **സിക്ക വൈറസ് ഭീതി വിട്ടൊഴിയും മുമ്ബ് തലശേരിയില്‍ വീണ്ടും അജ്ഞാത രോഗം. അലര്‍ജിക്ക് സമാനമായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് 22 വിദ്യാര്‍ഥിനികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 15 വിദ്യാര്‍ഥിനികളുടെ രക്ത-സ്രവ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു.

തലശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്കാണ് ദേഹമാസകലം ചൊറിച്ചിലും വേദനയും അനുഭപ്പെട്ടത്. സ്കൂളിന് ഇന്ന് അധികൃതര്‍ അവധി നല്‍കിയിരുന്നു. വ്യാഴാഴ്ച പകല്‍ സമയങ്ങളില്‍ അസ്വസ്ഥത നേരിട്ട 20 വിദ്യാര്‍ഥിനികളെ അധ്യാപകരാണ് വിവിധ ആശുപത്രികളില്‍ എത്തിച്ചത്. രണ്ട് കുട്ടികളെ രാത്രി രക്ഷിതാക്കളും ആശുപത്രിയിലെത്തിച്ചു.

പരിയാരം മെഡിക്കല്‍ കോളജില്‍ അഞ്ച് വിദ്യാര്‍ഥിനികളും ജനറല്‍ ആശുപത്രിയിലും നഗരത്തിലെ രണ്ട് സഹകരണ ആശുപത്രികളിലുമായി 12 വിദ്യാര്‍ഥിനികളുമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആരോഗ്യ വിഭാഗം വ്യാഴാഴ്ച തന്നെ സ്കൂളില്‍ എത്തി പരിശോധന നടത്തി. കൊതുക് നശീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെ ക്ലാസ് തുടങ്ങിയ ശേഷമാണ് ചൊറിച്ചില്‍ ഉള്‍പ്പെടെ കുട്ടികളില്‍ വ്യത്യസ്ത രീതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വേദനയോട് കൂടിയ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടക്കരച്ചിലായി. വിവിധ ആശുപത്രികളില്‍ കുട്ടികള്‍ നിരീക്ഷണത്തിലാണെങ്കിലും രോഗകാരണം കണ്ടെത്താനായിട്ടില്ല.

ചില കുട്ടികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെ അനുഭവപ്പെട്ടിട്ടുണ്ട്. ഇവരില്‍നിന്നു രക്തസാമ്ബിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചതായി തലശേരി ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ ഡോ. ജിതിൻ പറഞ്ഞു. കുട്ടികള്‍ക്ക് തൊലിപ്പുറത്ത് തടിപ്പും ചൊറിച്ചലുമാണ് ആദ്യം അനുഭവപ്പെട്ടു തുടങ്ങിയത്. സ്കൂള്‍ അധികൃതര്‍ പെട്ടെന്ന് തന്നെ ഇവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

രക്ത പരിശോധന ഫലം വന്നാല്‍ മാത്രമേ രോഗകാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ. കഴിഞ്ഞ ദിവസം തലശേരി കോടതികളിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചിരുന്നു. ഇത് പിന്നീട് സിക്ക വൈറസാണെന്ന് സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161168/thalassery)