---
title: "ചരിത്രം കുറിച്ച് മുഹമ്മദ്‌ ഷമി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ"
english_title: "Ind nz semi final "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162554/ind-nz-semi-final"
published_at: "2023-11-15T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554fbf0e2155_n5568106501700067880367f910eafd1b07a63201fa4d315be041fc7f529269dce6dc71a5b59f978294ea65.jpg"
keywords: []
---

# ചരിത്രം കുറിച്ച് മുഹമ്മദ്‌ ഷമി; ഇന്ത്യ ലോകകപ്പ് ഫൈനലിൽ

> **Lead Summary:** ലോകകപ്പ് 2023ന്റെ ഫൈനല്‍ ബെര്‍ത്ത് ഇന്ത്യയ്ക്ക് സമ്മാനിച്ച്‌ മൊഹമ്മദ് ഷമി. ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റും ശതകം നേടിയ ഡാരില്‍ മിച്ചലിനെയും പുറത്താക്കി ഇന്ത്യയുടെ സീനിയര്‍ പേസര്‍ ടീമിനെ ഫൈനലിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന രണ്ട് വിക്കറ്റും നേടി ഷമി മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് നേടിയത്. 48.5 ഓവറില്‍ ന്യൂസിലാണ്ട് 327 റണ്‍സ് മാത്രം നേടിയപ്പോള്‍ ഇന്ത്യ 70 റണ്‍സിന്റെ വിജയം ആണ് സ്വന്തമാക്കിയത്.

## Article Content

ലോകകപ്പ് 2023ന്റെ ഫൈനല്‍ ബെര്‍ത്ത് ഇന്ത്യയ്ക്ക് സമ്മാനിച്ച്‌ മൊഹമ്മദ് ഷമി. ടോപ് ഓര്‍ഡറിലെ നാല് വിക്കറ്റും ശതകം നേടിയ ഡാരില്‍ മിച്ചലിനെയും പുറത്താക്കി ഇന്ത്യയുടെ സീനിയര്‍ പേസര്‍ ടീമിനെ ഫൈനലിലേക്ക് എത്തിയ്ക്കുകയായിരുന്നു. അവസാന രണ്ട് വിക്കറ്റും നേടി ഷമി മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് നേടിയത്. 48.5 ഓവറില്‍ ന്യൂസിലാണ്ട് 327 റണ്‍സ് മാത്രം നേടിയപ്പോള്‍ ഇന്ത്യ 70 റണ്‍സിന്റെ വിജയം ആണ് സ്വന്തമാക്കിയത്.

ഡെവണ്‍ കോണ്‍വേയെയും രച്ചിന്‍ രവീന്ദ്രയെയും മൊഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ട് 39/2 എന്ന നിലയിലേക്ക് വീണു. പിന്നീട് ഡാരില്‍ മിച്ചല്‍ - കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു. ഇരുവരും അനായാസം ബാറ്റ് വീശിയപ്പോള്‍ മത്സരം ന്യൂസിലാണ്ടിന്റെ പക്ഷത്തേക്ക് മാറുകയായിരുന്നു.

181 റണ്‍സാണ് കെയിന്‍ വില്യംസണ്‍ - ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ നേടിയത്. ഓപ്പണര്‍മാരെ പുറത്താക്കിയ ഷമി തന്നെ വില്യംസണെയും പുറത്താക്കി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 69 റണ്‍സായിരുന്നു വില്യംസണ്‍ നേടിയത്. കെയിന്‍ വില്യംസണിനെ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ച ഷമി അതേ ഓവറില്‍ ടോം ലാഥമിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

അഞ്ചാംം വിക്കറ്റില്‍ മിച്ചലും ഫിലിപ്പ്സും 75 റണ്‍സ് നേടിയെങ്കിലും ജസ്പ്രീത് ബുംറ ബൗളിംഗിലേക്ക് തിരിച്ചെത്തി ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 33 പന്തില്‍ 41 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സിനെയാണ് ബുംറ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ കുല്‍ദീപ് യാദവ് മാര്‍ക്ക് ചാപ്മാനെ പുറത്താക്കിയതോടെ ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 134 റണ്‍സ് നേടിയ മിച്ചല്‍ മൊഹമ്മദ് ഷമിയുടെ അഞ്ചാമത്തെ വിക്കറ്റായപ്പോള്‍ ഇന്ത്യ മത്സരം പോക്കറ്റിലാക്കി.

9.5 ഓവറിൽ 57 റൺസ് വഴങ്ങി 7 വിക്കറ്റ് ആണ് ഷമി സ്വന്തമാക്കിയത്. വില്യംസിന്റെ വിക്കറ്റോടെ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളറായി മുഹമ്മദ് ഷമി മാറി. ഇന്ത്യൻ പേസര്‍ തന്റെ 17-ാം ഇന്നിംഗ്‌സില്‍ ആണ് നാഴികക്കല്ലില്‍ എത്തിയത്‌. ഓസ്‌ട്രേലിയൻ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ആണ് ഷമി തകര്‍ത്തത്. 19-ാം ഇന്നിംഗ്‌സില്‍ ആണ് സ്റ്റാര്‍ക്ക് 50 വിക്കറ്റില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162554/ind-nz-semi-final)