---
title: "ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ല; പി ജി ഡോക്ടർമാരുടെ സമരം തുടരും"
english_title: "The strike by PG doctors will continue"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16263/the-strike-by-pg-doctors-will-continue"
published_at: "2021-12-16T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba80e909540_Screenshot_20211216_052705_com.facebook.katana.jpg"
keywords: []
---

# ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ല; പി ജി ഡോക്ടർമാരുടെ സമരം തുടരും

> **Lead Summary:** പി ജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്ന് ഡോക്‌ടേഴ്‌സ് പ്രതികരിച്ചു. സർക്കാർ നിർദേശങ്ങളിൽ അവ്യക്തതയുള്ളതിനാൽ സമരം തുടരാനാണ് പിജി ഡോക്‌ടേഴ്‌സിന്റെ തീരുമാനം. നാളെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ തുടരും.

## Article Content

പി ജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്ന് ഡോക്‌ടേഴ്‌സ് പ്രതികരിച്ചു. സർക്കാർ നിർദേശങ്ങളിൽ അവ്യക്തതയുള്ളതിനാൽ സമരം തുടരാനാണ് പിജി ഡോക്‌ടേഴ്‌സിന്റെ തീരുമാനം. നാളെ ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ തുടരും.

രേഖാമൂലം ഉള്ള ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരും. സീനിയർ റസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ ഡോക്‌ടേഴ്‌സിനെ നിയമിക്കാമെന്നത് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം പിജി ഡോക്‌ടേഴ്‌സ് വ്യക്തമാക്കി.

പി ജി ഡോക്‌ടേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് മൂന്നാംവട്ട ചർച്ച നടത്തിയിരുന്നു. സ്റ്റൈപെൻഡ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. റെസിഡൻസി മാനുവൽ അനുസരിച്ചാണോ മെഡിക്കൽ കോളജുകളിൽ കാര്യങ്ങളെന്ന് പരിശോധിക്കും.

249 സീനിയർ റെസിഡന്റുമാരെ പിരിച്ചുവിട്ട് ജൂനിയർ റസിഡന്റുമാരെ നിയമിക്കാമെന്നും കൂടുതൽ സീനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള പരിമിതികൾ പി ജി ഡോക്‌ടേഴ്‌സിനെ അറിയിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല. സമരക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചു. സമരം അവസാനിപ്പിക്കണമെന്ന് പി ജി ഡോക്‌ടേഴ്‌സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടിയാലോചനകൾക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് പി ജി ഡോക്‌ടേഴ്‌സ് പറഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16263/the-strike-by-pg-doctors-will-continue)