---
title: "വന്യ മൃഗശല്യം: കർഷകൻ ജീവനൊടുക്കി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162779/iritty"
published_at: "2023-11-16T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655624ca5d547_Picsart_23-11-16_19-48-15-263.jpg"
keywords: []
---

# വന്യ മൃഗശല്യം: കർഷകൻ ജീവനൊടുക്കി

> **Lead Summary:** **ഇരിട്ടി** : വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യം സഹിക്കവയ്യാതെ രണ്ട് ഏക്കർ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസം മാറിയ അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യനെയാണ് വാടക വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

## Article Content

**ഇരിട്ടി** : വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യം സഹിക്കവയ്യാതെ രണ്ട് ഏക്കർ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് താമസം മാറിയ അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യനെയാണ് വാടക വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

സുബ്രഹ്മണ്യനും ഭാര്യ കനകമ്മയും രണ്ടര വർഷമായി നാട്ടുകാർ ഏർപ്പാടാക്കിയ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സുബ്രഹ്മണ്യന്റെ ജീവിത സാഹചര്യം മനസ്സിലാക്കിയ വീട്ടുടമ തെക്കേൽ സജി വാടക വാങ്ങിയിരുന്നില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി വീട് മാറി താമസിക്കേണ്ടി വരുമെന്ന് സജി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നാട്ടുകാർ മറ്റൊരു വീട് ഏർപ്പാടാക്കുന്നതിനിടയിലാണ് സുബ്രഹ്മണ്യൻ ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഭാര്യ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്താണ് മരണം. സ്വന്തം വീട് ഇല്ലാത്തതിനാൽ പ്രദേശവാസിയായ ഇല്ലിക്കക്കുന്നേൽ സിനുവിന്റെ വീട്ടുമുറ്റത്താണ് മൃതദേഹം പൊതു ദർശനത്തിന് വെച്ചത്. സുബ്രഹ്മണ്യന്റെ രണ്ട് പെൺമക്കൾ നേരത്തെ വിവാഹം കഴിച്ച് അയച്ചിരുന്നു. ഇയ്യാൾ 13 വർഷമായി ക്യാൻസർ രോഗബാധിതനായിരുന്നു.

തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന സുബ്രഹ്മണ്യന് വാർദ്ധക്യകാല പെൻഷനും ഭാര്യയുടെ തൊഴിലുറപ്പ് ജോലിയിൽ നിന്ന് ലഭിക്കുന്ന തുകയും ആയിരുന്നു വരുമാനമാർഗ്ഗം. പെൻഷൻ മുടങ്ങിയതോടെ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർ ചികിത്സയ്ക്കായി ചിലവായതിൽ കുടുംബത്തിന് 4 ലക്ഷം രൂപയോളം കടബാധ്യതയും വന്നതോടെ സുബ്രഹ്മണ്യന്റെ ജീവിതം ദുരിത പൂർണ്ണമാവുകയായിരുന്നു. രണ്ട് ഏക്കർ ഭൂമി സ്വന്തമായി ഉള്ളതുകൊണ്ട് കുടുംബത്തിന് ലൈവ് പദ്ധതിയിൽ വീട് ലഭിക്കാതെ വരികയായിരുന്നു. എപിഎൽ കാർഡ് ബിപിഎൽ കാർഡായി മാറ്റുന്നതിന് ജില്ലാ കളക്ടർക്ക് ഉൾപ്പെടെ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് മാറി താമസിക്കേണ്ടി വരുന്ന സാഹചര്യം ഏറെ പ്രയാസം ഉണ്ടാക്കിയിതായി നാട്ടുകാർ പറയുന്നു. കടവും കൃഷി ഭൂമിയിൽ നിന്നും ലഭിച്ചിരുന്ന വരുമാനവും ഇല്ലാതായതുമാണ് മരണകാരണം എന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മുണ്ടയാംപറമ്പ് പൊതു ശ്മശാനത്തിൽ  സംസ്കരിച്ചു. സൗമ്യ, ജ്യോതി എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162779/iritty)