---
title: "ആവേശപ്പോരിനൊടുവില്‍ കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക; ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ"
english_title: "Cricket"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162837/cricket"
published_at: "2023-11-17T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556aa8b339a8_Screenshot_20231117-045023_WhatsApp.jpg"
keywords: []
---

# ആവേശപ്പോരിനൊടുവില്‍ കലമുടച്ച് വീണ്ടും ദക്ഷിണാഫ്രിക്ക; ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ

> **Lead Summary:** **കൊല്‍ക്കത്ത**: ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു.

## Article Content

**കൊല്‍ക്കത്ത**: ലോകകപ്പില്‍ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു.

തുടക്കത്തില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് മികച്ച തുടക്കമിട്ടു. എന്നാല്‍ ടബ്രൈസ് ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകര്‍ന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു. വിജയത്തിനടുത്ത് സ്മിത്തും ഇംഗ്ലിസും മടങ്ങിയെങ്കിലും പതറാതെ പൊരുതിയ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ചേര്‍ന്ന് ഓസീസിനെ വിജയവര കടത്തി.

തുടക്കത്തില്‍ തകര്‍ത്തടിച്ച് 48 പന്തില്‍ 62 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്‍റെ ഇന്നിംഗ്സാണ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായത്. നേരത്തെ ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ മുന്‍നിര അവിശ്വസനീയമായി തകര്‍ന്നടിഞ്ഞപ്പോള്‍ സെഞ്ചുറിയുമായി പൊരുതി ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചത്.

24-4 എന്ന സ്കോറില്‍ ക്രീസിലെത്തിയ മില്ലര്‍ 101 റണ്‍സെടുത്ത് 48-ാം ഓവറില്‍ പുറത്താവുമ്പോള്‍ ദക്ഷിണാഫ്രിക്ക 200 കടന്നിരുന്നു. 116 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും പറത്തി മില്ലര്‍ 101 റണ്‍സടിച്ചപ്പോള്‍ 47 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കക്കായി പൊരുതി. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്കും നായകന്‍ പാറ്റ് കമിന്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രാവിസ് ഹെഡും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162837/cricket)