---
title: "പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയേക്കും; ബില്ലിന് കേന്ദ്ര അംഗീകാരം"
english_title: "Age of marriage for girls 21 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16297/age-of-marriage-for-girls-21"
published_at: "2021-12-16T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baca3e0de0b_images (33).jpeg"
keywords: []
---

# പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കിയേക്കും; ബില്ലിന് കേന്ദ്ര അംഗീകാരം

> **Lead Summary:** പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഈ ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 

## Article Content

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഈ ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. 

നിലവിൽ പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ ബില്ല് പാസ്സാക്കാൻ ശ്രമിക്കുന്നത്. 

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സൂചന. 

കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16297/age-of-marriage-for-girls-21)