---
title: "കുടുംബങ്ങള്‍ കീഴടക്കാന്‍, കിയ കാരന്‍സ് എത്തി"
english_title: "Kia Currens "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16373/kia-currens"
published_at: "2021-12-16T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb0f6707224_Screenshot_2021-12-16-15-35-35-51_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കുടുംബങ്ങള്‍ കീഴടക്കാന്‍, കിയ കാരന്‍സ് എത്തി

> **Lead Summary:** വാഹനലോകം ആകാംക്ഷയോടെ കാത്തിരുന്ന ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചു. കാരന്‍സ് എന്ന എംപിവിയുടെ ആഗോളാവതരണമാണ് ഇന്ത്യയില്‍ നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

## Article Content

വാഹനലോകം ആകാംക്ഷയോടെ കാത്തിരുന്ന ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചു. കാരന്‍സ് എന്ന എംപിവിയുടെ ആഗോളാവതരണമാണ് ഇന്ത്യയില്‍ നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെൽറ്റോസ്, കാർണിവൽ, സോണെറ്റ് തുടങ്ങിയ മോഡലുകള്‍ക്ക് ശേഷം കിയയിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമാണ് കാരന്‍സ് എംപിവി. ഫീച്ചറുകൾ നിറഞ്ഞ വാഹനമാണിത്. എസ്‌യുവി ബോഡി ടൈപ്പ് തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ വലിയ കുടുംബങ്ങൾക്കിടയിൽ പ്രീതി കണ്ടെത്താനാണ് കിയ മൂന്നു വരി മോഡലായ കാരൻസിലൂടെ ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഹ്യുണ്ടായ് അൽകാസർ, ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്‌യുവി700 എന്നിവയ്‌ക്ക് എതിരെയാണ് കിയ കാരൻസ് പോരാടുന്നത്. പ്രീമിയവും എന്നാൽ വിശാലമായ സ്വഭാവം നൽകുന്ന ഒരു ഉൽപ്പന്നം രാജ്യത്ത് തങ്ങൾക്ക് ഇല്ലെന്ന് തോന്നിയിരുന്നതായി കാരന്‍സിനെ അവതരിപ്പിച്ചുകൊണ്ട് കിയ ഇന്ത്യയുടെ എംഡിയും സിഇഒയുമായ ടെ-ജിൻ പാർക്ക് പറഞ്ഞു.

ആഗോളതലത്തിൽ കാരെൻസിന്റെ അനാച്ഛാദനം ഇവിടെ നടത്താൻ കിയ തിരഞ്ഞെടുത്തു എന്നതും ഉൽപ്പന്നം ആദ്യം എത്തുക ഇന്ത്യയായിരിക്കുമെന്നതും കൊറിയന്‍ കമ്പനി ഇവിടത്തെ വിപണിക്ക് നൽകുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിലുള്ള കിയ പ്ലാന്റിലാണ് കാരൻസ് നിർമ്മിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16373/kia-currens)