---
title: "എൻസിഇആര്‍ടി സിലബസില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്താൻ ശിപാര്‍ശ"
english_title: "Ncert "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164057/ncert"
published_at: "2023-11-21T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cba574a092_n5585004081700575695167d445b0d4f0eb426e9c50688ee99bb84c66d5c023b2f54f0237173d6f00bca534.jpg"
keywords: []
---

# എൻസിഇആര്‍ടി സിലബസില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്താൻ ശിപാര്‍ശ

> **Lead Summary:** **ന്യൂഡല്‍ഹി: **ചരിത്ര പഠനത്തില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്താൻ എൻസിആര്‍ടി വിദഗ്ദ സമിതിയുടെ ശിപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തിന്‍റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉള്‍പ്പെടുത്തുക. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവരുകളില്‍ എഴുതിവയ്ക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ രൂപീകരിച്ച ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.

## Article Content

**ന്യൂഡല്‍ഹി: **ചരിത്ര പഠനത്തില്‍ രാമായണവും മഹാഭാരതവും ഉള്‍പ്പെടുത്താൻ എൻസിആര്‍ടി വിദഗ്ദ സമിതിയുടെ ശിപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തിന്‍റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉള്‍പ്പെടുത്തുക. ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവരുകളില്‍ എഴുതിവയ്ക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ രൂപീകരിച്ച ഉന്നതതല സമിതി ശിപാര്‍ശ ചെയ്തു.

സമിതി ചെയര്‍പഴ്‌സണ്‍ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ഐസക് പറഞ്ഞു.

സാമൂഹ്യശാസ്ത്ര സിലബസില്‍ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങള്‍ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കൗമാരപ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്‌നേഹവും വളര്‍ത്തിയെടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.

ഓരോ വര്‍ഷവും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ രാജ്യം വിട്ട് മറ്റു രാജ്യങ്ങളില്‍ പൗരത്വം തേടുന്നത് അവരില്‍ ദേശസ്നേഹത്തിന്‍റെ അഭാവം മൂലമാണ്. അവരുടെ വേരുകള്‍ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളര്‍ത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്- അദ്ദേഹം പറഞ്ഞു. 

ചില വിദ്യാഭ്യാസ ബോര്‍ഡുകള്‍ വിദ്യാര്‍ഥികള്‍ക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും മിത്ത് എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ സമ്ബ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യസേവനമാകില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164057/ncert)