---
title: "#malappuram | നവകേരള സദസ്സിന് വിദ്യാര്‍ഥികളെ എത്തിക്കണമെന്ന് നിര്‍ദേശം; അതൃപ്തി അറിയിച്ച് പ്രധാനാധ്യാപകര്‍"
english_title: "Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164192/malappuram"
published_at: "2023-11-22T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d9c3dc0905_images_(2)_(8).jpeg"
keywords: []
---

# #malappuram | നവകേരള സദസ്സിന് വിദ്യാര്‍ഥികളെ എത്തിക്കണമെന്ന് നിര്‍ദേശം; അതൃപ്തി അറിയിച്ച് പ്രധാനാധ്യാപകര്‍

> **Lead Summary:** **മലപ്പുറം**: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് സ്കൂളുകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ കർശന നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് ആവശ്യം.

## Article Content

**മലപ്പുറം**: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിലേക്ക് സ്കൂളുകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ കർശന നിർദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ഓരോ സ്കൂളിൽനിന്നും കുറഞ്ഞത് 200 കുട്ടികളെയെങ്കിലും എത്തിക്കണമെന്നാണ് ആവശ്യം.

താനൂർ മണ്ഡലത്തിൽനിന്ന് 200 ഉം തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽനിന്ന് കുറഞ്ഞത് 100 കുട്ടികളെ വീതമെങ്കിലും എത്തിക്കണമെന്നാണ് ഡിഇഒ നിർദേശിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച് ഓദ്യോഗിക നിർദേശം പുറത്തിറക്കിയിട്ടില്ല. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ, പരപ്പനങ്ങാടി, വേങ്ങര, തിരൂരങ്ങാടി എന്നീ നാല് ഉപജില്ലകളിൽ നിന്നാണ് കുട്ടികളെ പങ്കെടുപ്പിക്കേണ്ടത്. യോഗത്തിൽ പ്രധാന അധ്യാപകർ അതൃപ്തി അറിയിച്ചു. എല്ലാം മുകളിൽനിന്നുള്ള നിർദേശമാണ് ഇതെന്നാണ് ഡിഇഒ നൽകിയ മറുപടി.

കുട്ടികളെ എത്തിക്കുന്നതിന് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ് എന്നകാര്യം ചൂണ്ടിക്കാട്ടിയപ്പോൾ, അത് സ്കൂളുകൾ സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യണമെന്നാണ് അധികൃതർ നിർദേശിച്ചത് എന്നാണ് വിവരം. കുട്ടികളെ കൂട്ടമായി കൊണ്ടുപോകുന്ന കാര്യത്തിലും സ്കൂൾ ബസ് ഉപയോഗിക്കുന്നതിലും ഉള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ വേണമെങ്കിൽ പ്രാദേശിക അവധി നൽകാം എന്നും ഡിഇഒ മറുപടി നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള നീക്കം രാഷ്ട്രീയ വിമർശനത്തിന് വഴിതെളിക്കുമെന്ന് ഉറപ്പാണ്. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കുന്ന നടപടി ശരിയല്ലെന്ന് മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ജനസമ്പർക്ക പരിപാടികളിൽ ജനങ്ങൾ സ്വയം എത്തുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടത്തിയ ജനസമ്പർക്ക പരിപാടി മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164192/malappuram)