---
title: "കണ്ണൂരിൽ ബാങ്ക് ജീവനക്കാരനെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്"
english_title: "Honey trap "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164321/honey-trap"
published_at: "2023-11-22T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e06a61c753_n5588066261700660755929ca74a987d7cb93dd9515c710d737e48d9e59f663734d061b168eba5d28f2de2a.jpg"
keywords: []
---

# കണ്ണൂരിൽ ബാങ്ക് ജീവനക്കാരനെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്

> **Lead Summary:** **കണ്ണൂര്‍: **നഗരത്തില്‍ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ ഹണിട്രാപ്പില്‍പെടുത്തി പണവും കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാര്‍ മക്കാനിക്കടുത്ത വാടക ക്വാര്‍ട്ടേഴ്സില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ക്കാനെത്തിയ ഉദ്യോഗസ്ഥന്‍റെ അരലക്ഷം രൂപയും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനര്‍ എന്നിവയാണു തട്ടിയെടുത്തത്.

## Article Content

**കണ്ണൂര്‍: **നഗരത്തില്‍ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ പട്ടാപ്പകല്‍ ഹണിട്രാപ്പില്‍പെടുത്തി പണവും കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികളും കൊള്ളയടിച്ചു. തെക്കീബസാര്‍ മക്കാനിക്കടുത്ത വാടക ക്വാര്‍ട്ടേഴ്സില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ക്കാനെത്തിയ ഉദ്യോഗസ്ഥന്‍റെ അരലക്ഷം രൂപയും അക്കൗണ്ട് ഓപ്പണിംഗ് ടാബ്, ബയോമെട്രിക് സ്കാനര്‍ എന്നിവയാണു തട്ടിയെടുത്തത്.

ക്വാര്‍ട്ടേഴ്സിലെ താമസക്കാരായ ശ്യാംസുന്ദര്‍, ഇയാളുടെ ഭാര്യയെന്നു പറയപ്പെടുന്ന നിജിഷ എന്ന യുവതി, സഹായിയായ മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണു തട്ടിപ്പ് നടത്തിയത്. ഇസാഫ് ബാങ്കിന്‍റെ കണ്ണൂര്‍ ശാഖയിലെ ഡവലപ്പ്മെന്‍റ് ഓഫീസറായ വടകര മുയിപ്പോത്ത് സ്വദേശി സി.വി. ബെഞ്ചമിൻ കാസ്ട്രോയാണ് (30) ഹണിട്രാപ്പിന് ഇരയായത്.

ചൊവ്വാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കില്‍ ഒരു അക്കൗണ്ട് തുറക്കാൻ താത്പര്യമുണ്ടെന്നും ബാങ്കില്‍ വരാൻ കഴിയാത്ത സാഹചര്യമാണെന്നും ഫോണില്‍ ഇവര്‍ ബെഞ്ചമിനെ അറിയിക്കുകയായിരുന്നു.

അക്കൗണ്ട് തുറക്കാൻ ആവശ്യമായ ടാബും സ്കാനറും എടുത്ത് 11 ഓടെ മക്കാനിക്കടുത്ത ക്വാര്‍ട്ടേഴ്സിലെത്തിയ ബെഞ്ചമിനെ വൈകുന്നേരം അഞ്ചുവരെ അവിടെ തടങ്കലില്‍ ആക്കിയാണ് ഇവര്‍ പണം ഉള്‍പ്പെടെ അപഹരിച്ചത്.

ഭീഷണിപ്പെടുത്തി യുവതിക്കൊപ്പം നിര്‍ത്തി നഗ്നഫോട്ടോ എടുപ്പിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണത്തിനു പുറമെ 20,000 രൂപ ഗൂഗിള്‍ പേ ചെയ്യിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിപ്പിക്കാതിരിക്കാൻ കൂടുതല്‍ പണം ആവശ്യപ്പെട്ടെങ്കിലും അക്കൗണ്ടില്‍ വേറെ പണമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്.

ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി യുവാവ് പരാതി നല്‍കിയതിനെത്തുടര്‍ന്ന് രാത്രിയോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164321/honey-trap)