---
title: "ശ്രീശാന്തിനെതിരെ കണ്ണൂരില്‍ വഞ്ചനാക്കേസ്"
english_title: "Sree shanth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164556/sree-shanth"
published_at: "2023-11-23T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f38054bc3c_Sreesanth_2611_1200-compressed.jpg"
keywords: []
---

# ശ്രീശാന്തിനെതിരെ കണ്ണൂരില്‍ വഞ്ചനാക്കേസ്

> **Lead Summary:** മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി.

## Article Content

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 19 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി.

കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതി നല്‍കിയത്. 2019ല്‍ ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, വെങ്കിടേഷ് കിനി എന്നിവര്‍ സരീഗില്‍ നിന്നും സ്ഥലത്തിന് പണം വാങ്ങിയിരുന്നു.

വില്ല നിര്‍മ്മിക്കാത്തതുകൊണ്ട് പണം തിരികെ ചോദിച്ചപ്പോള്‍ ശ്രീശാന്ത് നേരിട്ട് പരാതിക്കാരനെ സമീപിച്ചതായി പരാതിയില്‍ പറയുന്നു.

സ്ഥലത്ത് താന്‍ നിര്‍മിക്കുന്ന കായിക അക്കാദമിയില്‍ പരാതിക്കാരനെ പങ്കാളിയാക്കമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍ ഇതുവരെ നിര്‍മാണം നടത്തുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

ശ്രീശാന്ത് അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണത്തിന് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ പരാതിക്കാരനുമായി നേരിട്ട് ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ശ്രീശാന്തിന്റെ കുടുംബം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164556/sree-shanth)