---
title: "ഗവര്‍ണര്‍ പ്രതിനിധി മാത്രം: നിയസഭയെ മറികടക്കാനാകില്ല: നിര്‍ണായക വിധിയുമായി സുപ്രീംകോടതി"
english_title: "Supreme court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164627/supreme-court"
published_at: "2023-11-23T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f872eeb5ed_n5591548081700759207318a372c503ea2cef977eb53190fe5bcf7b3f0b141e2281a5cd4f256e1cad903597.jpg"
keywords: []
---

# ഗവര്‍ണര്‍ പ്രതിനിധി മാത്രം: നിയസഭയെ മറികടക്കാനാകില്ല: നിര്‍ണായക വിധിയുമായി സുപ്രീംകോടതി

> **Lead Summary:** **ന്യൂഡല്‍ഹി: **സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍‌ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ തടഞ്ഞുവെക്കുകയാണെങ്കില്‍ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 

## Article Content

**ന്യൂഡല്‍ഹി: **സംസ്ഥാന സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍‌ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ തടഞ്ഞുവെക്കുകയാണെങ്കില്‍ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. 

സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെടാത്ത തലവനാണ്. നിയമസഭയുടെ നിയമനിര്‍മാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവര്‍ണര്‍ക്ക് സാധിക്കില്ല. 

ബില്ലുകള്‍ മുന്നിലെത്തുമ്ബോള്‍ അതിന് അനുമതി നല്‍കുകയോ തടഞ്ഞുവെക്കുകയോ പ്രസിഡന്‍റിന്‍റെ അഭിപ്രായം തേടുകയോ ചെയ്യാം. ഭരണഘടന അനുച്ഛേദം 200 പ്രകാരം തടഞ്ഞുവെക്കുന്ന ബില്ലുകള്‍ ഉടൻ നിയമസഭക്ക് തിരിച്ചയച്ച്‌ മാറ്റങ്ങള്‍ നിര്‍ദേശിക്കാം.

ഈ മാറ്റങ്ങള്‍ വരുത്തിയോ വരുത്താതെയോ നിയമസഭ ബില്‍ പാസാക്കി വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാല്‍ നിര്‍ബന്ധമായും ബില്ലിന് അനുമതി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവര്‍ണറെന്നും സുപ്രീംകോടതി ഓര്‍മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164627/supreme-court)