---
title: "പോസ്റ്റുമോർട്ടം റിപ്പോർട്ട് മലയാളത്തിലാക്കണമെന്ന് നിർദ്ദേശം"
english_title: " Postmortem "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164764/postmortem"
published_at: "2023-11-24T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65605dc8b0259_postmortem.1639847123.jpg"
keywords: []
---

# പോസ്റ്റുമോർട്ടം റിപ്പോർട്ട് മലയാളത്തിലാക്കണമെന്ന് നിർദ്ദേശം

> **Lead Summary:** **കണ്ണൂർ** : സാധാരണക്കാർക്കുകൂടി മനസിലാകുന്ന തരത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് മലയാളത്തിൽ ആക്കണമെന്ന നിയമസഭാ സമിതിയുടെ നിർദ്ദേശം അടിയന്തരമായി നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം.

## Article Content

**കണ്ണൂർ** : സാധാരണക്കാർക്കുകൂടി മനസിലാകുന്ന തരത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് മലയാളത്തിൽ ആക്കണമെന്ന നിയമസഭാ സമിതിയുടെ നിർദ്ദേശം അടിയന്തരമായി നടപ്പാക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം.

ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് വേഗത്തിൽ കൈമാറണമെന്നും ഡി.ജി.പിയോട് നിർദ്ദേശിച്ചു.

സമിതിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി.ഷൗക്കത്തലി, അഡ്വ: ജി.മോഹൻരാജ് എന്നിവരെ ഉൾപ്പെടുത്തണമെന്ന ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ചു.

ഔദ്യോഗിക ഭാഷ സംബന്ധിച്ച നിയമസഭാ സമിതി 2017ൽ നൽകിയ ശുപാർശ ആരോഗ്യ, പോലീസ് വകുപ്പുകൾ നടപ്പാക്കാത്തതിനെ തുടർന്നാണ് കർശന നിർദ്ദേശം. നിലവിൽ ഇംഗ്ലീഷിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

മരണകാരണം, ആന്തരികാവയവങ്ങളുടെ സ്ഥിതി, ശരീരത്തിലെ മുറിവുകൾ, ക്ഷതങ്ങൾ എന്നിവയെല്ലാം വ്യക്തമാക്കുന്ന റിപ്പോർട്ട് മലയാളത്തിലായാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ വായിച്ച് മനസിലാക്കാനാകും.

റിപ്പോർട്ട് മലയാളത്തിലാക്കാൻ ആഭ്യന്തര സെക്രട്ടറി 2017ൽതന്നെ പോലീസ് മേധാവിക്കും ആരോഗ്യ ഡയറക്ടർക്കും നിർദ്ദേശം നൽകിയിരുന്നു. മെഡിക്കൽ, ഫോറൻസിക് പദങ്ങൾക്ക് പകരം മലയാള പദങ്ങളില്ലെങ്കിൽ റിപ്പോർട്ടിൽ അവ അതേരീതിയിൽ ഉൾപ്പെടുത്താനും നിർദ്ദേശിച്ചിരുന്നു.

തുടർന്ന് നിലവിലുള്ള പി.എം.ആർ (പോസ്റ്റ്മോർട്ടം റീഡിസ്ട്രിബ്യൂഷൻ) ഫോറം മലയാളത്തിലേക്കു പരിഭാഷപ്പെടുത്താൻ മെഡിക്കൽ ഓഫീസർമാരുടെ അഭിപ്രായം ആരോഗ്യവകുപ്പ് തേടിയിരുന്നു.

എന്നാൽ മലയാളത്തിൽ റിപ്പോർട്ടെഴുതുന്നത് പ്രയാസമാണെന്ന് വിലയിരുത്തി ഡോക്‌ടർമാർ അത് അട്ടിമറിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164764/postmortem)