---
title: "ചരക്ക്-യാത്രാ ട്രെയിനുകളുടെ വേഗത കൂട്ടുന്നു"
english_title: "Train "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164849/train"
published_at: "2023-11-24T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560a8b8e4066_n5594083541700833340484277617614072a6ad7b199cbc8de3f3599a2d34060e427df4bbce4d68fdd7bb99.jpg"
keywords: []
---

# ചരക്ക്-യാത്രാ ട്രെയിനുകളുടെ വേഗത കൂട്ടുന്നു

> **Lead Summary:** **കൊല്ലം:** ചരക്ക്- യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാൻ ദക്ഷിണ റെയില്‍വേ തീരുമാനം. വിവിധ സെക്ഷനുകളില്‍ ഓരോ സാമ്ബത്തിക വര്‍ഷവും ഇത് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കര്‍മ പദ്ധതിയും തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ അനുവദനീയ പരമാവധി വേഗതയില്‍ (130-160 കിലോമീറ്റര്‍) വണ്ടികള്‍ ഓടിക്കുന്നതിനുള്ള സാധ്യതാപഠനം അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സെക്ഷനില്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള രണ്ട് റൂട്ടുകളിലെയും സാധ്യതാ പഠനം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു.

## Article Content

**കൊല്ലം:** ചരക്ക്- യാത്രാ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാൻ ദക്ഷിണ റെയില്‍വേ തീരുമാനം. വിവിധ സെക്ഷനുകളില്‍ ഓരോ സാമ്ബത്തിക വര്‍ഷവും ഇത് സമയബന്ധിതമായി നടപ്പിലാക്കുന്നതിന് കര്‍മ പദ്ധതിയും തയാറാക്കി കഴിഞ്ഞു. തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ അനുവദനീയ പരമാവധി വേഗതയില്‍ (130-160 കിലോമീറ്റര്‍) വണ്ടികള്‍ ഓടിക്കുന്നതിനുള്ള സാധ്യതാപഠനം അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സെക്ഷനില്‍ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള രണ്ട് റൂട്ടുകളിലെയും സാധ്യതാ പഠനം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു.

ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കലാണ് ഏറ്റവും പ്രധാനം. പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ചെയ്യേണ്ട ജോലികളും റെയില്‍വേ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ ലിസ്റ്റ് ചെയ്ത് കഴിഞ്ഞു.

സമ്ബൂര്‍ണ ട്രാക്ക് നവീകരണം, വേണ്ടിടത്ത് എല്ലാം പഴയവ മാറ്റി പുതിയ 60 കിലോഗ്രാം റെയില്‍ സ്ഥാപിക്കല്‍, പാലങ്ങളുടെ ബലപ്പെടുത്തല്‍, സാധ്യമായിടത്തെല്ലാം വളവുകള്‍ പരമാവധി നിവര്‍ത്തല്‍, കാല്‍നട യാത്രികര്‍ പാളം മുറിച്ച്‌ കടക്കുന്ന എല്ലാ മേഖലകളിലും ബാരിക്കേഡുകളും സംരക്ഷണ ഭിത്തിയും നിര്‍മിക്കല്‍ എന്നിവ മുൻഗണനാ ക്രമത്തില്‍ ചെയ്യും.

കൂടാതെ പൂര്‍ണമായും ഓട്ടോമാറ്റിക്-ഡിസ്റ്റൻസിംഗ് സിഗ്നലിംഗ് സംവിധാനവും ഏര്‍പ്പെടുത്തണം. ഓവര്‍ഹെഡ്‌ എക്വിപ്മെന്‍റുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് മറ്റൊന്ന്. ഓവര്‍ ഹെഡ് മേഖലയിലെ സാങ്കേതിക തടസങ്ങളും സമ്ബൂര്‍ണമായി മാറ്റിയാല്‍ പദ്ധതി അതിവേഗം വിജയകരമായി പൂര്‍ത്തിയാക്കാൻ കഴിയുമെന്നാണ് സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

ഓരോ സാമ്ബത്തിക വര്‍ഷവും വിവിധ റൂട്ടുകളില്‍ ദക്ഷിണ റെയില്‍വേ എല്ലാ വണ്ടികളുടെയും വേഗത വര്‍ധിപ്പിക്കും. നിലവിലെ 110 കിലോമീറ്ററില്‍ നിന്ന് 130 - ലേയ്ക്കാണ് വേഗത ഉയര്‍ത്തുന്നത്. ജോലാര്‍പേട്ട- സേലം - കോയമ്ബത്തൂര്‍ റൂട്ടില്‍ സ്പീഡ് കൂട്ടുന്ന ജോലികള്‍ 2024 മാര്‍ച്ചില്‍ പൂര്‍ത്തിയാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഷൊര്‍ണൂര്‍- കണ്ണൂര്‍ റൂട്ടില്‍ വേഗത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ 2024 - 25 സാമ്ബത്തിക വര്‍ഷം പൂര്‍ത്തിയാക്കും. കണ്ണൂര്‍ - മംഗലാപുരം, കൊല്ലം - തിരുവനന്തപുരം, ചെന്നൈ എഗ്മോര്‍ - വില്ലുപുരം - തിരുച്ചിറ മേഖലയിലെ പണികള്‍ 2025 - 26 സാമ്ബത്തിക വര്‍ഷം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

2026 - 27 സാമ്ബത്തിക വര്‍ഷം എറണാകുളം - ആലപ്പുഴ - കായംകുളം - കൊല്ലം, ഷൊര്‍ണൂര്‍ - പോഡന്നൂര്‍, തിരുച്ചിറപ്പള്ളി - ദിണ്ടുഗല്‍ - മധുര - തിരുനെല്‍വേലി, നാഗര്‍കോവില്‍ - തിരുനെല്‍വേലി സെക്ഷനിലും വേഗത വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും.

ചെന്നൈ-ഗുഡൂര്‍, ചെന്നൈ - റെനിഗുണ്ട എന്നീ റൂട്ടുകളില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച്‌ കഴിഞ്ഞു. ഈ സെക്ഷനില്‍ ട്രെയിനുകളുടെ വേഗത ഉടൻ തന്നെ 110 കിലോമീറ്ററില്‍ നിന്ന് 130 ആയി ഉയര്‍ത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164849/train)