---
title: "ഗവര്‍ണറുടെ അനുമതി കാത്ത് കിടക്കുന്നത് 16 ബില്ലുകളെന്ന് കേരളം സുപ്രീം കോടതിയില്‍"
english_title: "Supreme court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164865/supreme-court"
published_at: "2023-11-24T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560b47b5b268_n5594277081700836372099e0579824cb3adee3707e1c25b32db7672d60635aa941509d4e194fdcb98e0e09.jpg"
keywords: []
---

# ഗവര്‍ണറുടെ അനുമതി കാത്ത് കിടക്കുന്നത് 16 ബില്ലുകളെന്ന് കേരളം സുപ്രീം കോടതിയില്‍

> **Lead Summary:** **ന്യൂഡല്‍ഹി:** രാജ്ഭവനില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് കിടക്കുന്ന ബില്ലുകളുടെ എണ്ണം 16 ആയെന്നു സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേരളം. എട്ട് ബില്ലുകളുടെ പട്ടിക കൂടി കേരളം സുപ്രീം കോടതിക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ കെകെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. 

## Article Content

**ന്യൂഡല്‍ഹി:** രാജ്ഭവനില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് കിടക്കുന്ന ബില്ലുകളുടെ എണ്ണം 16 ആയെന്നു സുപ്രീം കോടതിയില്‍ വ്യക്തമാക്കി കേരളം. എട്ട് ബില്ലുകളുടെ പട്ടിക കൂടി കേരളം സുപ്രീം കോടതിക്ക് കൈമാറി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ കെകെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയില്‍ അറിയിച്ചത്. 

15ാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ ഉള്‍പ്പെടെ എട്ട് ബില്ലുകള്‍ കൂടി വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. ഈ ബില്ലുകളിലും ഉടൻ തീരുമാനം ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു. 

കേരള സഹകരണ സംഘം മൂന്നാം ഭേദഗതി 2022, കേരള ക്ഷീര കര്‍ഷക ക്ഷേമ നിധി ഭേദഗതി 2023, കേരള അബ്കാരി ഭേദഗതി 2023, കേരള കെട്ടിട നികുതി ഭേദഗതി 2023, കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷൻ രണ്ടാം ഭേദഗതി 2023, നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി 2023, ധന വിനിയോഗം 2023 ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പട്ടികയാണ് പുതിയതായി നല്‍കിയിരിക്കുന്നത്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പഞ്ചാബിന്റെ ഹര്‍ജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് പരമോന്നത കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം മറുപടി അറിയിക്കാനും ഏജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നതായിരുന്നു കോടതി ഉത്തരവ്.

പഞ്ചാബിലേതിന് സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരരായ അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചപ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടിട്ടിട്ടും ഇതുവരെയും ബില്ലില്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164865/supreme-court)