---
title: "ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പുരോഗമിക്കുന്നു"
english_title: "Aralam farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164888/aralam-farm"
published_at: "2023-11-24T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560c5fa93c75_PicsArt_11-24-09.16.40.jpg"
keywords: []
---

# ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പുരോഗമിക്കുന്നു

> **Lead Summary:** **ആറളം ഫാം : **ആറളം ഫാം പുനരധിവാസ മേഖലയിലെ വന്യമൃഗങ്ങളുടെ അക്രമണം രൂക്ഷമായതിനെ തുടർന്ന് നിർമ്മിക്കുന്ന ആനമതിലിന്റെ നിർമ്മാണം ദൃതഗതിയിൽ പുരോഗമിക്കുന്നു. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ഫാമിലും പുനരധിവാസ മേഖലയിലും ഇറങ്ങുന്ന വന്യ ജീവികൾ ജീവഹാനി ഉൾപ്പെടെ കടുത്ത നാശമാണ് വരുത്തിവെക്കുന്നത്.

## Article Content

**ആറളം ഫാം : **ആറളം ഫാം പുനരധിവാസ മേഖലയിലെ വന്യമൃഗങ്ങളുടെ അക്രമണം രൂക്ഷമായതിനെ തുടർന്ന് നിർമ്മിക്കുന്ന ആനമതിലിന്റെ നിർമ്മാണം ദൃതഗതിയിൽ പുരോഗമിക്കുന്നു. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ഫാമിലും പുനരധിവാസ മേഖലയിലും ഇറങ്ങുന്ന വന്യ ജീവികൾ ജീവഹാനി ഉൾപ്പെടെ കടുത്ത നാശമാണ് വരുത്തിവെക്കുന്നത്.

ആറളം ഫാമിലെ കൃഷികൾ പൂർണ്ണമായും ആനകൾ നശിപ്പിച്ചതോടെ ശമ്പളം നല്കാൻ പോലും വഴിയില്ലാതെ ഫാം കോടികളുടെ കടക്കെണിയിലാണ്. പുനരധിവാസ മേഖലയിലെ താമസക്കാരുടെ ജീവൻ അപകടത്തിൽ ആയതോടെ കടുത്ത പ്രതിക്ഷേധത്തിന് പരിഹാരം തേടിയാണ് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ 37. 9 കോടി രൂപ ചിലവിൽ10. 50 കിലോമീറ്റർ ആനമതിൽ നിർമ്മാണം പുരോഗമിക്കുന്നത്.

ആനമതിൽ നിർമ്മിക്കുന്നതിനായി വനാദിർത്തിയിലെ മരങ്ങൾ മുറിച്ചു മാറ്റി കൂപ്പ് റോഡ് നിർമ്മിച്ച ശേഷമാണ് മതിലിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരിക്കുന്നത്. നേരത്തെ മരം മുറിച്ചു മാറ്റുന്നതിലെ ടെൻഡർ നടപടികൾ വൈകിയത് മതിലിന്റെ നിർമ്മാണം വൈകാൻ കാരണം ആയിരുന്നു. ആനമതിലിന്റെ നിർമ്മാണ പുരോഗതി ഓരോ ഘട്ടവും വിലയിരുത്തി റിപ്പോർച്ച് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടനിർമ്മാണ വിഭാഗം, വനം വകുപ്പ് , പട്ടിക വർഗ്ഗവികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മന്ത്രിതല സംഘം പ്രത്യേക മോണിറ്ററിംങ്ങ് സമിതി രൂപം നൽകിയിട്ടുണ്ട്.

ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുന്നതിനും പരാതികൾ ഒഴിവാക്കുന്നതിനും പ്രവ്യത്തിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മോണിറ്ററിങ് കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. ആനമതിൽ പൂർത്തിയാകുന്നതോടെ വന്യമൃഗ ശല്യം ഫാമിന് വെളിയിലെ ജനവാസ മേഖലയിലേക്ക് വ്യാപിക്കും എന്നാണ് കർഷകരുടെ ആശങ്ക. ഇതിന് പരിഹാരമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, കൃഷി വകുപ്പും, സംയുക്തമായി ചേർന്ന് വനാദിർത്തി പങ്കിടുന്ന പഞ്ചായത്തുകളെ ബന്ധിപ്പിച്ചു് സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള കണക്കെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്.

നാല്‌ പഞ്ചായത്തുകളിലെ 55.5 കിലോമീറ്റർ അതിർത്തികളിൽ മസോളാർ വേലികൾ സ്ഥാപിക്കാൻ പദ്ധതി. 

വന്യമൃഗ ശല്ല്യം കർഷകന്റെ ജീവന് ഭീക്ഷണി ആയതോടെ കൃഷി വകുപ്പിന്റെ 2. 2 കോടി രൂപയും ജില്ലാ പഞ്ചായത്തിന്റെ 1 കോടി രൂപയും മറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെയും, പഞ്ചായത്തുകളുടെയും തുകകൾ ഉൾപ്പെടുത്തിയാണ് വനാദിർത്തി പൂർണ്ണമായി ഡോളർ വേലികൾ സ്ഥാപിക്കാനുള്ള പുതിയ തീരുമാനം. നിലവിലെ വേലികൾ സംരക്ഷിച്ചുകൊണ്ട് ബാക്കിവരുന്ന ഭാഗമാണ് വേലികൾ സ്ഥാപിക്കുന്നത്.

ഉളിക്കൽ പഞ്ചായത്തിന്റെ 14. 5 കിലോമീറ്ററിൽ വനവുമായി അതിർത്തി പങ്കിടുന്നതിൽ ബാക്കി വരുന്ന 10. 5 കിലോമീറ്ററും, പായം പഞ്ചായത്തിന്റെ ഒരു കിലോമീറ്ററും വേലി പൂർത്തിയാക്കണം. അയ്യൻകുന്ന് പഞ്ചായത്തിന്റെ 45 കിലോമീറ്റർ വരുന്ന അതിർത്തിയിൽ 37 കിലോമീറ്റൽ വേലി സ്ഥാപിക്കേണ്ടതുണ്ട്. ആറളം പഞ്ചായത്തിൽ 10. 5 കിലോമീറ്റർ ആനമതിലിന് പുറമെ 7 കിലോമീറ്റർ സോളാർ വേലി സ്ഥാപിക്കുന്നതിനാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കണക്കെടുപ്പ് പൂർത്തിയായിരിക്കുന്നത്.

നാലു പഞ്ചായത്തുകളിലായി വനവുമായി അതിർത്തി പങ്കിടുന്ന 55. 5 കിലോമീറ്റർ ദൂരമാണ് പുതിയ സോളാർ വേലികൾ സ്ഥാപിക്കാൻ കണക്കെടുപ്പുകൾ പൂർത്തിയായിരിക്കുന്നത്. ഒരേ സ്ഥലങ്ങളിലെയും ഭൂപ്രകൃതിക്ക് അനുസരിച്ചു് തൂക്ക് വേലിയും , ട്രഞ്ചും സോളാർ വേലിയുമാണ് കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164888/aralam-farm)