---
title: "തലശേരി മസാജിംഗ്; പൂട്ടിയ കേന്ദ്രത്തില്‍ കണ്ടെത്തിയത് ആറു യുവതികളെ"
english_title: "Massaging "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165119/massaging"
published_at: "2023-11-25T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65620d10e1cc4_n5597103481700924587324b08aba1697b3cb7240b9e7ac0d6c354237694442ac2a09f35b9b619e068b56b8.jpg"
keywords: []
---

# തലശേരി മസാജിംഗ്; പൂട്ടിയ കേന്ദ്രത്തില്‍ കണ്ടെത്തിയത് ആറു യുവതികളെ

> **Lead Summary:** **കണ്ണൂര്‍: **തലശേരി നഗരമധ്യത്തിലെ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് അയല്‍ സംസ്ഥാനക്കാരായ ആറ് യുവതികളെ. ഇവര്‍ക്കാര്‍ക്കും തിരിച്ചറിയല്‍ രേഖകളോ തിരുമ്മല്‍ നടത്തുന്നതിനുള്ള യോഗ്യതകളോ ഇല്ലെന്ന് പോലീസ് പറഞ്ഞു.

## Article Content

**കണ്ണൂര്‍: **തലശേരി നഗരമധ്യത്തിലെ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് അയല്‍ സംസ്ഥാനക്കാരായ ആറ് യുവതികളെ. ഇവര്‍ക്കാര്‍ക്കും തിരിച്ചറിയല്‍ രേഖകളോ തിരുമ്മല്‍ നടത്തുന്നതിനുള്ള യോഗ്യതകളോ ഇല്ലെന്ന് പോലീസ് പറഞ്ഞു.

പരിശോധന നടത്തുന്പോള്‍ തിരുമ്മലിനു തയാറെടുത്ത് അര്‍ധനഗ്നനായി കിടക്കുകയായിരുന്ന ധര്‍മടം സ്വദേശിയായ യുവാവ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. അനധികൃതമായാണ് തിരുമ്മല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എൻസിസി റോഡിലെ ലോട്ടസ് സ്പാ അടച്ചുപൂട്ടി. നേരത്തേ പീഡന പരാതിയെ തുടര്‍ന്ന് ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. പിന്നീട് വീണ്ടും തുറക്കുകയായിരുന്നു.

സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്. ജൂലൈ മാസത്തില്‍ ഈ സ്ഥാപനത്തിലെ ജീവനക്കാരി പീഡനശ്രമത്തിനു വിധേയമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

സ്ഥാപനത്തിന്‍റെ മാനേജര്‍ ഉള്‍പ്പെടെ അറസ്റ്റിലായ സംഭവത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ഥാപനം അനാശാസ്യ കേന്ദ്രമാണെന്ന് കണ്ടെത്തുകയും ഇൻ‌സ്പെക്ടര്‍ എം. അനിലിന്‍റെ നേതൃത്വത്തില്‍ പോലീസ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശ പ്രകാരം പോലീസ് സബ് കളക്ടര്‍ക്ക് സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അ‌ടിസ്ഥാനത്തിലാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.

കൂടാതെ ചികിത്സക്കെത്തിയവരുടെ പേരു വിവരം അടങ്ങിയ രജിസ്റ്ററോ പണം വാങ്ങിയതിന്‍റെ രേഖകളോ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല. സമാനമായി രീതിയില്‍ മൂന്നു സ്ഥാപനങ്ങള്‍ കൂടി നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165119/massaging)