---
title: "കുസാറ്റിലെ അപകടം; പരിപാടി കാണാൻ പുറത്തുനിന്നുള്ളവരും തള്ളിക്കയറി: സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്"
english_title: " Cucat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165206/cucat"
published_at: "2023-11-26T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562dfeace35a_Screenshot_20231126-113356.jpg"
keywords: []
---

# കുസാറ്റിലെ അപകടം; പരിപാടി കാണാൻ പുറത്തുനിന്നുള്ളവരും തള്ളിക്കയറി: സിൻഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ട്

> **Lead Summary:**  **കൊച്ചി**: കുസാറ്റിലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ പരിപാടി കാണാന്‍ പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്ന് വി സി നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.

## Article Content

 **കൊച്ചി**: കുസാറ്റിലെ ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ പരിപാടി കാണാന്‍ പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തള്ളിക്കയറിയതാണ് അപകടകാരണമെന്ന് വി സി നിയോഗിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.

കുസാറ്റില്‍ നവംബര്‍ 24, 25,26 തിയതികളില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിഭാഗം നടത്തിയ ടെക്‌നിക്കല്‍ ഫെസ്റ്റില്‍ എക്‌സിബിഷന്‍, ടെക്‌നിക്കല്‍ ടോക്‌സ്, എക്‌സ്‌പേര്‍ട്ട് ലക്‌ചേഴ്‌സ് എന്നിവയാണ് നടന്നത്. സമീപ കോളേജുകളിലെ വിദ്യാര്‍ത്ഥികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ രാത്രി ഏഴ് മണിയോടെ ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന മ്യൂസിക്ക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്.

പ്രോഗ്രാം തുടങ്ങുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാന്‍ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് കയറുവാന്‍ ശ്രമിച്ചു.

പ്രോഗ്രാം തുടങ്ങാറായപ്പോൾ മഴ ചാറി തുടങ്ങുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. അകത്തേക്ക് തള്ളിക്കയറുന്നതിനിടെ തിക്കിലും തിരക്കിലുപ്പെട്ട് സ്റ്റെപ്പിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ വീഴുകയും മറ്റുള്ളവർ അവരുടെ മീതെ വീഴുകയും ചെയ്തു.

ഈ വീഴ്ചയുടെ ഭാഗമായി കുട്ടികൾക്ക് പരിക്കേൽക്കുകയായിരുന്നു. മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളാണ്. ഒരാൾ പുറത്ത് നിന്നുള്ള ആളാണ്. രണ്ടു വിദ്യാർഥികൾ സ്വകാര്യ ആശുപത്രിയിൽ തീപ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165206/cucat)