---
title: "യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി: രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165497/youth-congress"
published_at: "2023-11-27T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564998b4e772_n5602346461701091580779676438302be7203e35304b1e6898c732927100b357a04f5c312a4389aac734a9.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐഡി: രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും ചോദ്യം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം: **യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജരേഖ കേസില്‍ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കുട്ടത്തിലിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച രാഹുലിനെ മ്യൂസിയം പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

## Article Content

**തിരുവനന്തപുരം: **യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജരേഖ കേസില്‍ സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കുട്ടത്തിലിനെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ശനിയാഴ്ച രാഹുലിനെ മ്യൂസിയം പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

അറസ്റ്റിലായ പ്രതികളും രാഹുലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒളിവില്‍ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാഹുലിനോട് ചോദിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കാര്യങ്ങളെക്കുറിച്ച്‌ തനിക്കറിയില്ലെന്നും അത്തരത്തിലുള്ള വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

എന്നാല്‍ രാഹുലിന്‍റെ മൊഴികളിലും പോലീസിന് ലഭിച്ച ശാസ്ത്രീയ തെളിവുകളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങാൻ കാരണം.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ രാഹുലിനെ കൂടിപ്രതിയാക്കി അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫെനിനൈനാൻ. ബിനില്‍ ബിനു എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ സഞ്ചരിച്ചിരുന്നത് രാഹുലിന്‍റെ ഉടമസ്ഥതയിലുള്ള കാറിലായിരുന്നു.

പോലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ നാല് പേരും രാഹുലിന്‍റെ അടുത്ത അനുയായികളാണെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

പോലീസ് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ ഫോട്ടോകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് കാട്ടി അന്വേഷണ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165497/youth-congress)