---
title: "ഒൻപതു വർഷം മുൻപ് കാണാതായ ഒന്നര വയസുകാരിക്ക് എന്ത് സംഭവിച്ചു? ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയിട്ടും പ്രതീക്ഷയോടെ കുടുംബം"
english_title: "Diya fathima "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166158/diya-fathima"
published_at: "2023-11-30T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65689dd5bff98_PicsArt_11-30-07.59.48.jpg"
keywords: []
---

# ഒൻപതു വർഷം മുൻപ് കാണാതായ ഒന്നര വയസുകാരിക്ക് എന്ത് സംഭവിച്ചു? ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയിട്ടും പ്രതീക്ഷയോടെ കുടുംബം

> **Lead Summary:** **ഇരിട്ടി:** കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ - ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി ദിയാ ഫാത്തിമയുടെ തിരോധാനത്തിന് ഒൻപതാണ്ട് പിന്നിടുമ്പോഴും കുട്ടിക്ക് എന്തു സംഭവിച്ചു എന്ന് പറയാൻ കഴിയാതെ പോലീസും ക്രൈംബ്രാഞ്ചും. ഒൻപതു വർഷം മുൻപ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്നപ്പോൾ കാണാതായ പൊന്നോമന തിരിച്ചു വരുന്നതും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് കുടുംബം. കുഞ്ഞിനെ കാണാതായി 9 വർഷം പൂർത്തിയായിട്ടും കുട്ടിക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ ഇരുട്ടിൽ തപ്പുന്ന പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും മെല്ലെപോക്ക് നയത്തിൽ നിസ്സഹായരായ ദിയയുടെ മാതാപിതാക്കളുടെ രോക്ഷം വേദനിക്കുന്ന വാക്കുകളായി മാറുന്നു.

## Article Content

**ഇരിട്ടി:** കീഴ്പ്പള്ളി കോഴിയോട്ട് പാറക്കണ്ണി വീട്ടിൽ സുഹൈൽ - ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി ദിയാ ഫാത്തിമയുടെ തിരോധാനത്തിന് ഒൻപതാണ്ട് പിന്നിടുമ്പോഴും കുട്ടിക്ക് എന്തു സംഭവിച്ചു എന്ന് പറയാൻ കഴിയാതെ പോലീസും ക്രൈംബ്രാഞ്ചും. ഒൻപതു വർഷം മുൻപ് വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്നപ്പോൾ കാണാതായ പൊന്നോമന തിരിച്ചു വരുന്നതും കാത്ത് കണ്ണീരോടെ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് കുടുംബം. കുഞ്ഞിനെ കാണാതായി 9 വർഷം പൂർത്തിയായിട്ടും കുട്ടിക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാനാകാതെ ഇരുട്ടിൽ തപ്പുന്ന പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും മെല്ലെപോക്ക് നയത്തിൽ നിസ്സഹായരായ ദിയയുടെ മാതാപിതാക്കളുടെ രോക്ഷം വേദനിക്കുന്ന വാക്കുകളായി മാറുന്നു.

സുഹൈൽ - ഫാത്തിമത്ത് സുഹ്റ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകളായ ഒന്നര വയസ്സുകാരി വയസ്സുകാരി ദിയാ ഫാത്തിമയെ 2014 ആഗസ്ത് 1 ന് രാവിലെ 10 മണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് കാണാതായത്. കനത്ത മഴയിൽ വീടിന് സമീപത്തെ കൈത്തോട്ടിൽ കുട്ടി അബദ്ധത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്നുകരുതി നാട്ടുകാരും ബന്ധുക്കളും പൊലിസും കീഴ്പ്പള്ളി മേഖലയിലെ പുഴകളും വളപട്ടണം പുഴയിലും തീരദേശ മേഖലകളിൽ ഉൾപ്പെടെ ആഴ്ച്ചകളോളം തിരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

പിച്ചവെച്ചു നടക്കാൻ പഠിച്ചുവരുന്ന ഒന്നര വയസ്സുകാരി പൊന്നുമോൾ വീടിനടുത്തു നിന്നും 100 മീറ്ററോളം ദൂരെയുള്ള കൈത്തോട് വരെ നടന്നു പോയി എന്ന് സുഹൈൽ - ഫാത്തിമത്ത് സുഹ്റ ദമ്പതികൾക്ക് വർഷം ഒൻപതു പിന്നിടുമ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കുട്ടിയെ കാണാതാകുമ്പോൾ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ ഉണ്ടായിരുന്നു. അന്നത്തെ ഇരിട്ടി ഡി വൈ എസ് പി പി. സുകുമാരന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ തിരോധാനം സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന തെളിവുകൾ പോലീസിന് ലഭിച്ചില്ല.

തുടർന്ന് മകളുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകൻ അരുൺ കാരണവർ മുഖേന കുട്ടിയുടെ കുടുംബം 2016ൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് കോടതിയുടെ ഇടപെടലിന്‍റെ ഭാഗമായി 2017 ഓഗസ്തിൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും അന്നത്തെ ക്രൈംബ്രാഞ്ച് ഐ ജി ദിനേശ് കശ്യപിൻ്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പ്രേമരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ കണ്ടെത്താൻ ആകാതെ ക്രൈംബ്രാഞ്ചും അന്വേഷണം മന്ദഗതിയിലായി.

ഇതിനിടെ കാണാതായ ദിയാ ഫാത്തിമയുടെ രൂപസാദൃശ്യമുള്ള കുട്ടിയെ മറ്റ് മൂന്ന് കുട്ടികളും ഒരു സ്ത്രീയും പുരുഷനുമൊപ്പം അങ്കമാലി കെ എസ് ആർ ടി സി ബസ് സ്റ്റാൻറിലെ കടയ്ക്കു മുന്നിൽ നിൽക്കുന്നതായി പുറത്തുവന്ന സി സി ടി വി ദൃശ്യം സംബന്ധിച്ച് അന്വേഷിക്കാൻ അന്നത്തെ അന്വേഷണ സംഘം ഇന്നും തയ്യാറായിട്ടില്ല എന്നാണ് മാതാപിതാക്കളുടെ പരാതി. സിസിടിവി ദൃശ്യങ്ങൾ തങ്ങളെ കാണിച്ചു എന്ന് കോടതിയെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു എന്നും മാതാപിതാക്കൾ പരാതി പറയുന്നു. 9 വർഷം പിന്നിടുമ്പോഴും അന്വേഷണത്തിന് തെളിവുകൾ ഒന്നും ലഭിക്കാതെ പോലീസും അന്വേഷണം തുടരുകയാണ്.

തിങ്കളാഴ്ച കൊല്ലത്തു നടന്ന സംഭവം അറിഞ്ഞതോടെ ദിയയുടെ മാതാപിതാക്കൾ കൂടുതൽ ആശങ്കയിലായിരുന്നു. എങ്കിലും അബിഗേലിനെ തിരികെ കിട്ടിയപ്പോൾ അവരുടെ മനസ്സും തങ്ങളുടെ മകളെ ഓർത്ത് അറിയാതെ വിതുമ്പി. അന്നും ഇന്നും ശക്തമായ ഒരു ഇടപെടൽ നടത്താൻ കഴിയാത്തതിന്റെ ദുഃഖം. 

ദിയ ഫാത്തിമയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിൽ ഒരു നിഗമനത്തിലെത്തിൽ എത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ അടക്കം സംഘത്തിലെ പലരും സർവീസിൽ നിന്നും വിരമിക്കുകയും ചെയ്തതോടെ എല്ലാം നിലച്ച മട്ടാണ്.

 ഞങ്ങൾക്ക് നീതി ലഭിക്കണം മകളുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും പൊലിസിന്റെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഏതാനും മാസം മുൻപ് വീണ്ടും ഹൈക്കോടതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്ത്പ്രതീക്ഷ കൈവിടാതെ ഉപ്പയും ഉമ്മയും കാത്തിരിക്കുകയാണ് പൊന്നുമോളെ തിരിച്ചു കിട്ടുമെന്നുള്ള പ്രതീക്ഷയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166158/diya-fathima)