---
title: "ഒരുവര്‍ഷം നീണ്ട ആസൂത്രണം; തട്ടിയെടുക്കാൻ പറ്റിയ കുട്ടിയെ അന്വേഷിച്ച്‌ നടന്നത് ഒന്നരമാസം: പ്രതികളെ കുടുക്കിയത് ശബ്ദരേഖ"
english_title: "Audio clip "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166608/audio-clip"
published_at: "2023-12-02T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656b36829a141_n5616758341701524918654fdf0e6c2fd84c81b3498af5996f73d083c5d1d6ab19a1e7f2f90e8f38631a57a.jpg"
keywords: []
---

# ഒരുവര്‍ഷം നീണ്ട ആസൂത്രണം; തട്ടിയെടുക്കാൻ പറ്റിയ കുട്ടിയെ അന്വേഷിച്ച്‌ നടന്നത് ഒന്നരമാസം: പ്രതികളെ കുടുക്കിയത് ശബ്ദരേഖ

> **Lead Summary:** **കൊല്ലം: **ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച്‌ എഡിജിപി എം.ആര്‍. അജിത്കുമാര്‍. പോലീസിന്‍റെ പ്രാഥമിക ആവശ്യം എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും ആദ്യദിവസം തന്നെ കിട്ടിയ ഒരു സുപ്രധാന ക്ലൂവില്‍ നിന്നാണ് ഈ കേസ് തെളിയിക്കാനായി സാധിച്ചതെന്നും എഡിജിപി പറഞ്ഞു.

## Article Content

**കൊല്ലം: **ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച്‌ എഡിജിപി എം.ആര്‍. അജിത്കുമാര്‍. പോലീസിന്‍റെ പ്രാഥമിക ആവശ്യം എത്രയും പെട്ടെന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും ആദ്യദിവസം തന്നെ കിട്ടിയ ഒരു സുപ്രധാന ക്ലൂവില്‍ നിന്നാണ് ഈ കേസ് തെളിയിക്കാനായി സാധിച്ചതെന്നും എഡിജിപി പറഞ്ഞു.

ഈ കേസിലെ പ്രതി കൊല്ലം ജില്ലക്കാരനാണെന്നും പരിസരം പരിചയമുള്ളവരാണെന്നും ആദ്യ ക്ലൂവില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. അതില്‍ നിന്നാണ് കേസ് അന്വേഷണം വികസിപ്പിച്ചത്. വളരെ നന്നായി പദ്ധതിയിട്ട്, പോലീസ് ഏതൊക്കെ രീതിയില്‍ നീങ്ങുമെന്ന് മനസിലാക്കി പ്രതികള്‍ നടത്തിയ കുറ്റകൃത്യമാണിത്.

പോലീസിന് ലഭിച്ച വിവരങ്ങള്‍, സൈബര്‍ അനാലിസിസ്, പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച കാര്യങ്ങള്‍ എന്നിവ ക്രോഡീകരിച്ച്‌ നിരന്തരമായി നടത്തിയ അന്വേഷണത്തിന്‍റെ ഫലമായാണ് കേസ് തെളിയിക്കാനായതെന്നും അജിത്കുമാര്‍ പറഞ്ഞു.

ചാത്തന്നൂര്‍ മാമ്ബള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കംപ്യൂട്ടര്‍ സയൻസ് ബിരുദധാരിയായ പത്മകുമാര്‍ വിവിധ ബിസിനസുകള്‍ ചെയ്തിരുന്നു. കോവിഡിനു പിന്നാലെ കടുത്ത സാമ്ബത്തിക ബാധ്യതയിലായ പത്മകുമാര്‍ ഒരുവര്‍ഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന ആലോചനയിലായിരുന്നു.

ഒരുവര്‍ഷം മുമ്ബുതന്നെ ഇത്തരം കുറ്റകൃത്യം നടത്താൻ കുടുംബം പദ്ധതിയിട്ടു. അതിനായി ഒരുവര്‍ഷം മുമ്ബ് ഒരു വ്യാജനമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ പദ്ധതി എന്തുകൊണ്ടോ പിന്നീട് ഉപേക്ഷിച്ചു.

എന്നാല്‍ ഒന്നരമാസം മുൻപ് പദ്ധതി വീണ്ടും ആലോചിച്ചു തുടങ്ങിയതോടെ വ്യാജ നമ്ബര്‍പ്ലേറ്റ് വീണ്ടും നിര്‍മിച്ചു. സ്ഥിരമായി കാറെടുത്ത് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടിയെ അന്വേഷിച്ച്‌ കണ്ടെത്തിയാണ് പ്രതികള്‍ പദ്ധതി നടപ്പാക്കിയത്.

സംഭവത്തിന് ഒരാഴ്ച മുമ്ബ് രണ്ട് കുട്ടികളും വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് പോകുന്നത് കണ്ടു. ഈ കുട്ടികളെ തട്ടിക്കൊണ്ടുപോകാമെന്ന് ഉറപ്പിച്ചു. വീണ്ടും രണ്ടുമൂന്നു തവണ സ്ഥലത്ത് വന്ന് നിരീക്ഷിച്ചു. ഒരുതവണ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും കുട്ടികളെ ട്യൂഷൻ‌ സെന്‍ററില്‍ നിന്ന് അമ്മ വിളിച്ചുകൊണ്ടുപോയി. മറ്റൊരു തവണ അമ്മൂമ്മ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ നടക്കാതെ പോയി.

സംഭവ ദിവസം 4.15 ഓടെ പ്രതികള്‍ സ്ഥലത്തെത്തി കുട്ടികള്‍ വരുന്നതും കാത്തിരുന്നു. 

കുട്ടികള്‍ അടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാറില്‍ വലിച്ചുകയറ്റി. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥൻ, അദ്ദേഹമൊരു ഹീറോയാണ്. അയാളാണ് ആദ്യമായി കുറ്റകൃത്യം പ്രതിരോധിക്കാൻ ശ്രമിച്ചത്. പ്രതികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിരോധമാണ് സഹോദരന്‍റെ ഭാഗത്തുനിന്നുണ്ടായത്. കുട്ടി നന്നായി പോരാടി ഒടുവില്‍ പുറത്തേക്ക് വീണു. പെണ്‍കുട്ടിയെയും കൊണ്ട് പ്രതികള്‍ പോയി.

വണ്ടിയില്‍ ക‍യറ്റിയ ശേഷം പെണ്‍കുട്ടിയും പ്രതിരോധം നടത്തി. കുട്ടി കരഞ്ഞതോടെ വാ പൊത്തിപ്പിടിച്ചു. അച്ഛന്‍റെയടുത്ത് കൊണ്ടുപോകുകയാണെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു, മടിയില്‍ കിടത്തി. കുറച്ചുകഴിഞ്ഞ് ഒരു ഗുളിക കൊടുത്തപ്പോള്‍ കുട്ടി ശാന്തമായി. പിന്നീട് പലസ്ഥലങ്ങളിലും കൊണ്ടുപോയി.

കുട്ടിയെ വീട്ടിലെത്തിച്ച ശേഷം അമ്മയുടെ നമ്ബര്‍ വാങ്ങി ദമ്ബതികള്‍ പാരിപ്പള്ളിയിലേക്ക് പോയി. അവിടെനിന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച്‌ കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങി, കടയുടമയുടെ ഫോണ്‍ വാങ്ങി അമ്മയെ വിളിച്ചു. ആ ശബ്ദരേഖയായിരുന്നു പോലീസിനു ലഭിച്ച നിര്‍‌ണായക ക്ലൂ.

തിരികെ വീട്ടില്‍‌ ചെന്നപ്പോള്‍ സംഭവം വലിയ വാര്‍ത്തയായെന്ന് മനസിലായി. ഗത്യന്തരമില്ലാതെ കുട്ടിയെ തിരികെവിടാൻ തീരുമാനിച്ചു. രാവിലെ പത്തോടെ കുട്ടിയെ ഉപേക്ഷിക്കുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്. എന്നാല്‍ 11 ഓടെ അവര്‍ കൊല്ലം കെഎസ്‌ആര്‍ടിസി സ്റ്റേഷനു സമീപമെത്തി, പിന്നീട് അവിടുന്ന് ആശ്രാമം മൈതാനത്ത് എത്തി. കുട്ടിയെ സുരക്ഷിതമായി ഉപേക്ഷിക്കാൻ ശ്രമിച്ചു. എന്നാല്‍ ആളുകള്‍ ഉള്ളതിനാല്‍ അത് നടന്നില്ല.

പിന്നീട് പ്രതികള്‍ വീണ്ടും കുട്ടിയുമായി തിരിച്ചുവന്ന് വാഹനം ലിങ്ക് റോഡില്‍ പാര്‍ക്ക് ചെയ്തു. പിന്നീട് അനിതാകുമാരി ഓട്ടോറിക്ഷ പിടിച്ച്‌ കുട്ടിയെയും കൊണ്ട് അശ്വതി ബാറിന്‍റെ എതിര്‍വശത്തുള്ള ബെഞ്ചില്‍ ഇരുത്തി. ഭര്‍ത്താവ് പത്മകുമാര്‍ ഈസമയം മറ്റൊരു ഓട്ടോറിക്ഷയില്‍ പിന്നാലെ വന്നിരുന്നു. അച്ഛൻ വരുമെന്ന് പറഞ്ഞ് കുട്ടിയെ അവിടെയിരുത്തി അനിതാകുമാരി മടങ്ങുകയായിരുന്നു.

കുട്ടിയെ സുരക്ഷിതമായി വിടണമെന്നുള്ളതുകൊണ്ട് കോളജ് വിദ്യാര്‍ഥികള്‍ കുട്ടിയെ കണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രതികള്‍ സ്ഥലംവിട്ടത്. ഇവര്‍ അവിടുന്ന് പുറത്തിറങ്ങി വീണ്ടും ഓട്ടോറിക്ഷ പിടിച്ച്‌ ബിഷപ് ജെറോം നഗറില്‍ പോയി. അവിടെ അനിതകുമാരിയെ വിട്ടിട്ട് പത്മകുമാര്‍ തിരിച്ച്‌ ലിങ്ക് റോഡില്‍ വന്ന് കാറെടുത്ത് ചെന്ന് ഭാര്യയെ കൂട്ടി. മകള്‍ അനുപമയും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയിലൊന്നും ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല.

തിരിച്ചു വീട്ടില്‍ ചെന്ന ശേഷം ഇവര്‍ തത്കാലത്തേക്ക് മാറിനില്ക്കാൻ തീരുമാനിച്ചു. പത്മകുമാറിന് തെങ്കാശിയില്‍ പാട്ടത്തിന് സ്ഥലമുണ്ടായിരുന്നു. അതിനാല്‍ തെങ്കാശിയില്‍ വന്ന് മുറിയെടുത്തു. സ്ഥലത്തിന്‍റെ ഉടമയെ കാത്ത് ഹോട്ടലില്‍ ഇരുന്നപ്പോഴാണ് പോലീസിന്‍റെ പിടിയിലായതെന്നും എഡിജിപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166608/audio-clip)