---
title: "ആദ്യമെത്തിയ ബസിന് ലുക്കില്ലെന്ന് വിദ്യാര്‍ഥികള്‍, പിന്നീടെത്തിയ ഫ്രീക്കൻ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്"
english_title: "Mvd "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166695/mvd"
published_at: "2023-12-03T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c09d32b2a6_n5618865861701579109327af3691cbb39b8ffadb2a9eb19056f2ac7dc2e6876569132a10582d2a461505f1.jpg"
keywords: []
---

# ആദ്യമെത്തിയ ബസിന് ലുക്കില്ലെന്ന് വിദ്യാര്‍ഥികള്‍, പിന്നീടെത്തിയ ഫ്രീക്കൻ ബസ് പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** **ആലത്തൂര്‍:** സ്കൂളില്‍നിന്ന് വിനോദയാത്രപോകാൻ, അനുവദനീയമല്ലാത്ത രീതിയില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാവശ്ശേരിയിലായിരുന്നു സംഭവം. ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ആദ്യമെത്തിയ രണ്ടുബസുകളില്‍, സംഗീതത്തിനുള്ള ശബ്ദക്രമീകരണവും നൃത്തം ചെയ്യുമ്ബോള്‍ ഇടാനുള്ള വര്‍ണവെളിച്ച സംവിധാനവും പോരായെന്നു പറഞ്ഞ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 

## Article Content

**ആലത്തൂര്‍:** സ്കൂളില്‍നിന്ന് വിനോദയാത്രപോകാൻ, അനുവദനീയമല്ലാത്ത രീതിയില്‍ ശബ്ദ, വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചെത്തിയ ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കാവശ്ശേരിയിലായിരുന്നു സംഭവം. ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ആദ്യമെത്തിയ രണ്ടുബസുകളില്‍, സംഗീതത്തിനുള്ള ശബ്ദക്രമീകരണവും നൃത്തം ചെയ്യുമ്ബോള്‍ ഇടാനുള്ള വര്‍ണവെളിച്ച സംവിധാനവും പോരായെന്നു പറഞ്ഞ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. 

ഈ ബസുകളില്‍ യാത്രപോകാൻ തങ്ങള്‍ തയ്യാറല്ലെന്ന് നിര്‍ബന്ധം പിടിച്ചതോടെ ഇവ തിരിച്ചുപോയി. അധ്യാപകര്‍ ഇടപെട്ട് നെന്മാറയില്‍നിന്നും പാലക്കാട്ടുനിന്നുമായി വേറെ രണ്ട് ബസുകള്‍ ഏര്‍പ്പാടാക്കി. രണ്ടാമതുവന്ന ബസ്സുകളില്‍ നിയമം അനുശാസിക്കാത്ത തരത്തില്‍ ശബ്ദവും വെളിച്ചവും ക്രമീകരിച്ചിരുന്നു. 

വിദ്യാര്‍ഥികള്‍ ഇവയില്‍ കയറുമ്ബോഴേക്കും, വിവരമറിഞ്ഞ് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്സ്മെന്റും ആലത്തൂര്‍ ജോ. ആര്‍.ടി.ഒ. ഓഫീസ് അധികൃതരും സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതോടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ഥികളുടെ വിനോദയാത്ര മുടങ്ങുകയുംചെയ്തു. ചട്ടലംഘനത്തിന് ആറായിരം രൂപ വീതം രണ്ടുബസുകള്‍ക്കും പിഴ ചുമത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166695/mvd)