---
title: "ബംഗാള്‍ ഉള്‍ക്കടലില്‍ 'മിഷോങ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശക്തി പ്രാപിക്കുന്നു; ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്"
english_title: "Tamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166714/tamilnadu"
published_at: "2023-12-03T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c1df98ae7c_n561912886170158427198917f6141a7c18f3ac4808c4479fab1bd128283a7c28d0ccf20b40e853e7369150.jpg"
keywords: []
---

# ബംഗാള്‍ ഉള്‍ക്കടലില്‍ 'മിഷോങ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു; ശക്തി പ്രാപിക്കുന്നു; ആന്ധ്ര, തമിഴ്‌നാട് തീരങ്ങളില്‍ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം:** തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മര്‍ ആണ് പേര് നിര്‍ദേശിച്ചത്. ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. 

## Article Content

**തിരുവനന്തപുരം:** തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യുന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മിഷോങ് ചുഴലിക്കാറ്റ് എന്ന പേരിലാണ് ഇതറിയപ്പെടുക. മ്യാന്മര്‍ ആണ് പേര് നിര്‍ദേശിച്ചത്. ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. 

ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചുഴലിക്കാറ്റ് എത്തിച്ചേരും. തുടര്‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ചു ഡിസംബര്‍ 5 ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

മിഷോങ് ചുഴലിക്കാറ്റ് മൂലം കേരളത്തില്‍ നേരിട്ട് ഭീഷണിയില്ല. 

മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 118 ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യൻ റെയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166714/tamilnadu)