---
title: "എഴുപതിലും ഇടമുറിയാത്ത വായനയുമായി ദ്രൗപദിയമ്മ; ഒരുപിടി പുസ്തകങ്ങളുമായി വയനാട് ജനമൈത്രി പോലീസ്"
english_title: "Draupadiamma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167587/draupadiamma"
published_at: "2023-12-07T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65716beec952b_Screenshot_2023-12-07-12-00-35-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എഴുപതിലും ഇടമുറിയാത്ത വായനയുമായി ദ്രൗപദിയമ്മ; ഒരുപിടി പുസ്തകങ്ങളുമായി വയനാട് ജനമൈത്രി പോലീസ്

> **Lead Summary:** **കൽപ്പറ്റ**: കൈയില്‍ ഒരുപിടി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മക്ക് ഇന്നുമെന്നും ഏറെ പ്രിയം പുസ്തകങ്ങളോടാണ്.

## Article Content

**കൽപ്പറ്റ**: കൈയില്‍ ഒരുപിടി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മക്ക് ഇന്നുമെന്നും ഏറെ പ്രിയം പുസ്തകങ്ങളോടാണ്.

വായനയുടെ മായികലോകത്ത് അരനൂറ്റാണ്ടിലധികമായി സഞ്ചരിക്കുന്ന അവര്‍ക്ക് മറ്റെന്തുകിട്ടിയാലാണ് ഇത്രയധികം സന്തോഷിക്കാനാകുക..? പൊഴുതന, മുത്താറിക്കുന്ന് സ്വദേശിനിയായ ദ്രൗപദിയമ്മയുടെ വായനാപ്രേമമറിഞ്ഞാണ് വയനാട് ജില്ലാ ജനമൈത്രി പോലീസ് പുസ്തകങ്ങളുമായി അവര്‍ക്കരികിലെത്തിയത്.

മൂന്നര പതിറ്റാണ്ടിലധികം തേയിലതോട്ടത്തിലെ തൊഴിലാളിയായിരുന്ന ദ്രൗപദിയമ്മ ഇപ്പോള്‍ വിശ്രമത്തിലാണെങ്കിലും ഇടമുറിയാത്ത വായനയിലാണ്. 14 വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ദ്രൗപദിയമ്മയുടെ വായന. മലയാളത്തിലെ ഒട്ടുമിക്ക പുസ്തകങ്ങളും ദ്രൗപദിയമ്മ വായിച്ചുതീര്‍ത്തു.

അമ്മ പങ്കജാക്ഷിയമ്മയും നല്ല വായനക്കാരിയായിരുന്നുവെന്നും അവരില്‍ നിന്നാണ് താനും വായനാശീലം സ്വായത്തമാക്കിയതെന്നും ദ്രൗപദിയമ്മ പറയുന്നു. വൈത്തിരി പോലീസിന്റെ പൊഴുതനയിലുള്ള വയോജന കൂട്ടായ്മയിലെ 10 വര്‍ഷത്തോളമായുള്ള അംഗമാണ് ദ്രൗപദിയമ്മ. ഇവരുടെ പുസ്തകങ്ങളുടെ ആവശ്യമറിഞ്ഞ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജില്ലയിലെ പോലീസുദ്യോഗസ്ഥരില്‍ നിന്ന് സമാഹരിച്ച 25 ഓളം പുസ്തകങ്ങളാണ് വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗ്ഗീസ് ജനമൈത്രി ജില്ല അസി. നോഡല്‍ ഓഫീസര്‍ കെ.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് പൊഴുതനയില്‍ വച്ച് നടന്ന ചടങ്ങില്‍ ദ്രൗപദിയമ്മക്ക് കൈമാറിയത്.

ചടങ്ങില്‍ വൈത്തിരി സബ് ഇന്‍സ്‌പെക്ടര്‍ മണി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജു, പി. ആലി എന്നിവര്‍ സംസാരിച്ചു. ഈ പുസ്തകങ്ങള്‍ ദ്രൗപദിയമ്മ വായിച്ചു തീരുമ്പോഴേക്കും ഇനിയുമൊരുപാട് പുസ്തകങ്ങളുമായി ജില്ലാ ജനമൈത്രി പോലീസ് ഇവര്‍ക്കരികിലെത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167587/draupadiamma)