---
title: "'വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിച്ചു'- ഷഹനയുടെ ആത്മഹത്യാ കുറിപ്പില്‍ റുവൈസിന്റെ പേരുണ്ടെന്നു പൊലീസ്, റിമാൻഡില്‍"
english_title: "Remand "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167674/remand"
published_at: "2023-12-07T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571ceb4e2dd5_n563245282170195711499228af011ef5c66795ad48d0aed3e29850c4d8049f2de5da4ad4a5ff704a9e2525.jpg"
keywords: []
---

# 'വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിച്ചു'- ഷഹനയുടെ ആത്മഹത്യാ കുറിപ്പില്‍ റുവൈസിന്റെ പേരുണ്ടെന്നു പൊലീസ്, റിമാൻഡില്‍

> **Lead Summary:** **തിരുവനന്തപുരം: **മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സുഹൃത്തും സഹ ഡോക്ടറുമായ റുവൈസിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ്. കേസില്‍ അറസ്റ്റിലായ റുവൈസിനെ റിമാൻ‍ഡ് ചെയ്തു. പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

## Article Content

**തിരുവനന്തപുരം: **മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പില്‍ സുഹൃത്തും സഹ ഡോക്ടറുമായ റുവൈസിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ്. കേസില്‍ അറസ്റ്റിലായ റുവൈസിനെ റിമാൻ‍ഡ് ചെയ്തു. പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ആത്മഹത്യാ കുറിപ്പില്‍ പേരു വന്നതും ഷഹനയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയുമാണ് റുവൈസിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 എന്നീ കുറ്റങ്ങള്‍ അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മര്‍ദ്ദമാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണം. വിവാഹത്തിനു സ്ത്രീധനം ചോദിച്ച്‌ റുവൈസ് വഞ്ചിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.

'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വര്‍ണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാല്‍ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയില്‍ ഇല്ല എന്നതാണ് സത്യം'- ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആത്മഹത്യാ കുറിപ്പിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി. 

റുവൈസിന്റെ ഫോണിലേക്ക് ഈ സന്ദേശങ്ങള്‍ ഷഹന അയച്ചിരുന്നു. റുവൈസ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു. അതു കുറ്റകൃത്യത്തിനു തെളിവാണെന്നും പൊലീസ് പറയുന്നു. 

അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. ജില്ലാ കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167674/remand)