---
title: "യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ"
english_title: "Tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168145/tiger"
published_at: "2023-12-09T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657491cc5b1e6_Screenshot_20231209-213835.png"
keywords: []
---

# യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ. കലക്ടറും ഡി എഫ് ഒ യും സ്ഥലത്ത് എത്തണം എന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ പ്രതിക്ഷേധിച്ചത്. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടി പറമ്പിൽ പ്രജീഷ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

## Article Content

വയനാട്ടിൽ യുവാവിനെ കടുവ ആക്രമിച്ച് ശരീരഭാഗങ്ങൾ ഭക്ഷിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ. കലക്ടറും ഡി എഫ് ഒ യും സ്ഥലത്ത് എത്തണം എന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ പ്രതിക്ഷേധിച്ചത്. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടി പറമ്പിൽ പ്രജീഷ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

രാവിലെ പുല്ല് വെട്ടാൻ ഇറങ്ങിയ പ്രജീഷിനെ കടുവ ആക്രമിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം കടുവ ഭാഗികമായി ഭക്ഷിച്ച രീതിയിലാണ് ഉള്ളത്. സ്ഥലത്ത് ശരീര അവശിഷ്ടങ്ങൾ ചിതറിയ നിലയിലാണ്. പ്രജീഷ് അവിവാഹിതനാണ് പരേതനായ കുട്ടപ്പൻ്റെയും ശാരദയുടെയും മകനാണ്. മജീഷാണ് സഹോദരൻ. ഇതേ സ്ഥലത്ത് ആറ് വർഷം മുമ്പ് രജീഷ് എന്ന ക്ഷീര കർഷക യുവാവിനെ കാട്ടാന കുത്തികൊന്നിരുന്നതായി നാട്ടുകാർ പറയുന്നു.

അതേസമയം സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ., വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് മരിച്ച രജീഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും, മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിംഗ് സ്ഥാപിക്കുമെന്നും കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകണമെന്നും യോഗത്തിൽ ധാരണയായി.

കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറുമെന്നും ചർച്ചയിൽ ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168145/tiger)