---
title: "മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു"
english_title: "Mavoyeast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168436/mavoyeast"
published_at: "2023-12-11T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576e57146884_IMG-20231211-WA0004.jpg"
keywords: []
---

# മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു

> **Lead Summary:** **വൈത്തിരി**: ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ ജില്ലാ കോടതിയിലാണ് ചന്ദ്രുവിനെ ഹാജരാക്കിയത്.

## Article Content

**വൈത്തിരി**: ഉപവൻ റിസോർട്ടിലെ ഏറ്റുമുട്ടൽ കേസിൽ പ്രതിയായ മാവോയിസ്റ്റ് നേതാവ് ചന്ദ്രുവിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കൽപ്പറ്റ ജില്ലാ കോടതിയിലാണ് ചന്ദ്രുവിനെ ഹാജരാക്കിയത്.

2019 -ൽ വൈത്തിരി ഉപവൻ റിസോർട്ട് ഏറ്റുമുട്ടലിൽ ചന്ദ്രുവിന് പങ്കുള്ളതായാണ് പോലീസ് കേസ്. ജലീൽ കൊല്ലപ്പെട്ട സമയം ചന്ദ്രുവും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉപവൻ റിസോർട്ടിൽ നിന്ന് ചന്ദ്രുവിൻ്റെ വിരലടയാളം ലഭിച്ചിട്ടുണ്ടന്നും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.

വിശദമായി ചോദ്യം ചെയ്യണമെന്ന പോലീസിൻറെ അപേക്ഷ അംഗീകരിച്ച കോടതി നേരത്തെ ചന്ദ്രുവിനെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെ ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് ചന്ദ്രുവിനെ ജില്ലാ കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ നവംബർ എട്ടിന് പേര്യ ചപ്പാരത്ത് ഏറ്റുമുട്ടലിലാണ് ചന്ദ്രുവും ഉണ്ണിമായയും പിടിയിലാകുന്നത്. ഉണ്ണിമായ ജയിലിലാണുള്ളത്. ചന്ദ്രുവിനെ ഇരുപതാം തിയതി വരെയാണ് വൈത്തിരി കേസിൽ റിമാൻഡ് ചെയ്തിട്ടുള്ളതെന്ന് ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം. കെ ജയപ്രമോദ് പറഞ്ഞു.

ജില്ലാ ജഡ്ജ് എസ്. നസീറയാണ് ചന്ദ്രുവിനെ റിമാൻഡ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ ആൻറ് പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ജയപ്രമോദും പ്രതിക്കുവേണ്ടി അഡ്വ. വി.ജി. ലൈജുവും ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168436/mavoyeast)