---
title: "ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണം: ദമ്പതിമാർ താമസിച്ചിരുന്ന ഷെഡ് തകർത്തു "
english_title: "Idukki Chinnakanal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169130/idukki-chinnakanal"
published_at: "2023-12-14T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ab83820ad5_Screenshot_2023-12-14-13-27-43-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണം: ദമ്പതിമാർ താമസിച്ചിരുന്ന ഷെഡ് തകർത്തു 

> **Lead Summary:** **ഇടുക്കി**: ചിന്നക്കനാൽ വിലക്കിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതിമാർ താമസിച്ചിരുന്ന ഷെഡ് തകർന്നു. വിലക്ക് പാലോലിയിൽ തോമസും ഭാര്യയും താമസിച്ചിരുന്ന ഷെഡാണ് ഒറ്റയാൻ തകർത്തത്. കാട്ടാനയുടെ വരവ് അറിഞ്ഞ് നായ്ക്കൾ കുരച്ച്‌ ബഹളംവെച്ചിരുന്നു.

## Article Content

**ഇടുക്കി**: ചിന്നക്കനാൽ വിലക്കിൽ കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതിമാർ താമസിച്ചിരുന്ന ഷെഡ് തകർന്നു. വിലക്ക് പാലോലിയിൽ തോമസും ഭാര്യയും താമസിച്ചിരുന്ന ഷെഡാണ് ഒറ്റയാൻ തകർത്തത്. കാട്ടാനയുടെ വരവ് അറിഞ്ഞ് നായ്ക്കൾ കുരച്ച്‌ ബഹളംവെച്ചിരുന്നു.

ഇതോടെ തോമസും ഭാര്യ വിജയമ്മയും ഉറക്കമുണർന്ന് ഷെഡിൽനിന്ന്‌ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. പുലർച്ചെ നാലരയോടുകൂടിയാണ് കാട്ടാന ഇവരുടെ ഷെഡ് ആക്രമിച്ചത്. ഷെഡ് പൂർണമായും തകർന്നു. വീട്ടുപകരണങ്ങളും നശിപ്പിച്ചു.

2003-ൽ സർക്കാർ തോമസിന് ഒരേക്കർ സ്ഥലം ചിന്നക്കനാലിൽ നൽകിയിരുന്നു. ഈ സ്ഥലത്ത് വീടും നിർമിച്ചു. എന്നാൽ, പ്രദേശത്ത് കാട്ടാനശല്യവും കുടിവെള്ളക്ഷാമവും രൂക്ഷമായി. 2010 ജനുവരിയിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ തോമസിന് ഗുരുതരമായി പരിക്കേറ്റത്.

ആനയുടെ കൊമ്പ് കുത്തിയിറങ്ങി ഇയാളുടെ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെട്ടു. ഇതോടെ സർക്കാർ നൽകിയ സ്ഥലവും വീടും ഉപേക്ഷിച്ച് കുടുംബം വിലക്കിലെ റവന്യൂഭൂമിയിൽ ഷെഡ് കെട്ടിയാണ് താമസിച്ചുവന്നിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169130/idukki-chinnakanal)