---
title: "ലക്ഷദ്വീപില്‍ ഇനി സിബിഎസ്‌ഇ സിലബസ് മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് വി ശിവൻകുട്ടി"
english_title: "Cbse "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169218/cbse"
published_at: "2023-12-14T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b0a4229aa5_n565329122170256212022649d05a5d23fea43964e7d26e6b8e598acdd5252de792dc8433dc121fbedb5edc.jpg"
keywords: []
---

# ലക്ഷദ്വീപില്‍ ഇനി സിബിഎസ്‌ഇ സിലബസ് മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം:** ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ മന്ത്രി വി ശിവൻകുട്ടി. ഇനി മുതല്‍ ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്‌ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

## Article Content

**തിരുവനന്തപുരം:** ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച്‌ മന്ത്രി വി ശിവൻകുട്ടി. ഇനി മുതല്‍ ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്‌ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ ആശങ്കയുണ്ടെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന്റെ നേരിട്ടുള്ള ലംഘനമാണിത്. വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകേണ്ട വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ തിരഞ്ഞെടുപ്പുകളെ ഇത് അപകടത്തിലാക്കുന്നതിനാല്‍ ഈ നീക്കത്തെ ശക്തമായി അപലപിക്കുന്നു. 

നിലവില്‍ 34 സ്‌കൂളുകളിലായി 12,140 വിദ്യാര്‍ഥികളാണ് ലക്ഷദ്വീപില്‍ പഠിക്കുന്നത്. കേരള സിലബസ് -മലയാളം, ഇംഗ്ലീഷ് മീഡിയം, സിബിഎസ്‌ഇ സിലബസ് എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ തെരഞ്ഞെടുപ്പ് വിദ്യാര്‍ഥികള്‍ക്ക് സാധ്യമായിരുന്നു. ദ്വീപിലെ ഭൂരിഭാഗം കുട്ടികളും കേരള സിലബസ് അനുസരിച്ചാണ് സ്‌കൂളുകളില്‍ പഠിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍, പ്രത്യേകിച്ച്‌ പ്രൈമറി തലത്തില്‍ അവരുടെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം പരിഗണിക്കണമെന്ന അടിസ്ഥാന തത്വത്തെ ഈ നിര്‍ദേശം അവഗണിക്കുന്നു എന്നത് നിരാശാജനകമാണ്.'' -കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

ഒരൊറ്റ പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുന്നതിലൂടെ ലക്ഷദ്വീപ് ഭരണകൂടം വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പശ്ചാത്തലവുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ സത്തയെ അവഗണിക്കുകയാണെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ലക്ഷദ്വീപിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന സമീപനം സ്വീകരിക്കുന്നതും ഉറപ്പാക്കിക്കൊണ്ട്, ഈ നിര്‍ദേശം അവലോകനം ചെയ്യാനും പുനഃപരിശോധിക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നും ശിവൻകുട്ടി കത്തില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169218/cbse)