---
title: "ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; അടിച്ചു മാറ്റിയത് 250 കോടി, രണ്ട് പേര്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169546/arrested"
published_at: "2023-12-15T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c791818fd5_n565674996170265615642655978482d0768068176d60104b0f2ae898cda82ad1629da8be22a0c5e6d89285.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; അടിച്ചു മാറ്റിയത് 250 കോടി, രണ്ട് പേര്‍ പിടിയില്‍

> **Lead Summary:** **കൊച്ചി:** പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ ബംഗളൂരുവില്‍ പിടിയില്‍. തമിഴ്നാട് ആമ്ബൂര്‍ സ്വദേശി രാജേഷ് , ബംഗളൂരു കുറുമ്ബനഹള്ളി ചക്രധര്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. 

## Article Content

**കൊച്ചി:** പാര്‍ട്ട് ടൈം ജോലി തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ ബംഗളൂരുവില്‍ പിടിയില്‍. തമിഴ്നാട് ആമ്ബൂര്‍ സ്വദേശി രാജേഷ് , ബംഗളൂരു കുറുമ്ബനഹള്ളി ചക്രധര്‍ എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പൊലീസാണ് ഇവരെ പിടികൂടിയത്. 

യുട്യൂബ് ലൈക്ക് ചെയ്യുന്നതു വഴി വരുമാനം നേടാൻ ആയിരം രൂപ നിക്ഷേപിച്ചാല്‍ വൻ തുക വരുമാനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. സൈബര്‍ പൊലീസ് സ്റ്റേഷൻ പ്രാഥമിക പരിശോധനയില്‍ അമ്ബതോളം അക്കൗണ്ടുകളില്‍ നിന്നായി 250 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.

കേസില്‍ ബംഗളൂരു സ്വദേശി മനോജ് ശ്രീനിവാസൻ (33) നേരത്തെ ആറസ്റ്റിലായിരുന്നു. മനോജിന്റെ സഹായിയാണ് ചക്രധര്‍. പറവൂര്‍ സ്വദേശികളായ സ്മിജയില്‍ നിന്നു ഏഴ് ലക്ഷത്തോളം രൂപയും ബിനോയ് എന്നയാളില്‍ നിന്നു 11 ലക്ഷം രൂപയും സംഘം തട്ടി. 

ആദ്യ ഘട്ടത്തില്‍ ചെറിയ തുകകള്‍ തട്ടിപ്പു സംഘം കൈമാറും. പ്രതിഫലം, ലാഭം എന്നിവയാണ് കൈമാറുന്നതെന്നു വിശ്വാസം ജനിപ്പിക്കും. ഇതോടെ ഇരകളാക്കപ്പെടുന്നവരോട് കൂടുതല്‍ വലിയ തുകകള്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും.

സാധാരണക്കാരെ കൊണ്ടു കറന്റ് അക്കൗണ്ട് എടുപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ അക്കൗണ്ട് ഇവരറിയാതെ മനോജും സംഘവുമാണ് കൈകാര്യം ചെയ്യുക. പിടിക്കപ്പെട്ടാലും അന്വേഷണം തങ്ങള്‍ക്ക് നേരെ വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ഈ അക്കൗണ്ടുകളിലേക്കാണ് ജോലി വാഗ്ദാനം കിട്ടിയവര്‍ പണം നിക്ഷേപിക്കുന്നത്. 

ഒരു ദിവസം ആയിരത്തിലേറെ ഇടപാടുകള്‍ ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബൈയില്‍ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നീ രണ്ട് പേരെ സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടുവെന്നും അവര്‍ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നും എന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ ഈ പേരുകളും അക്കൗണ്ടുകളും വ്യാജമെന്നു കണ്ടെത്തി. അക്കൗണ്ടുകള്‍ ചൈനയില്‍ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നു വ്യക്തമായി.

അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ആളുകളെയാണ് പണം ഇടപാടിനായി തിരഞ്ഞെടുക്കുന്നത്. അക്കൗണ്ടില്‍ പണം വരുന്നതും പോകുന്നതും ഇവര്‍ അറിയില്ല. രാജേഷിന്റെ അക്കൗണ്ട് വഴി രണ്ട് ദിവസം കൊണ്ടു മാത്രം പത്ത് കോടിയിലേറെ രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. 

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169546/arrested)