---
title: "#Panoorcovidcase | പാനൂരിലെ കോവിഡ് മരണം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ തീരുമാനം"
english_title: "Panoor covid case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169744/panoor-covid-case"
published_at: "2023-12-16T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d6f75c3e7d_IMG-20231216-WA0004.jpg"
keywords: []
---

# #Panoorcovidcase | പാനൂരിലെ കോവിഡ് മരണം: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ തീരുമാനം

> **Lead Summary:**  **പാനൂർ**: പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെ തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനിച്ചു.

## Article Content

 **പാനൂർ**: പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെ തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനിച്ചു.

കെ.പി. മോഹനൻ എം.എൽ.എ.യുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. കോവിഡിനെതിരെ ഭയമല്ല, ജാഗ്രതയാണ് ആവശ്യമെന്ന് യോഗം വിലയിരുത്തി. പ്രദേശത്ത് മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കും. പനിയുള്ള ആളുകൾ ഐസോലേഷനിൽ തുടരണം. കോവിഡ് പോസിറ്റീവായവർ ക്വാറൻ്റയിനിൽ കഴിയണം. സാമൂഹിക അകലം പാലിക്കണം.

അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴിവാക്കണം, ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക, കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ ക്വാറൻ്റയിനിൽ കഴിയുക, എല്ലാ വാർഡുകളിലും പനി സർവേ നടത്തി റിപ്പോർട്ട് ചെയ്യുക, ആഘോഷ പരിപാടികളിൽ ആളുകളുടെ എണ്ണം കുറയ്ക്കുക, വിവാഹം - ഉത്സവം തുടങ്ങിയ പരിപാടികൾ ആരോഗ്യ വിഭാഗത്തേയും നഗരസഭയേയും മുൻകൂട്ടി അറിയിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ യോഗം മുന്നോട്ടു വച്ചു.

ഇവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ പ്രവർത്തകരെ അധികാരപ്പെടുത്തി. യോഗത്തിൽ നഗരസഭ കൗൺസിലർ നസീല കണ്ടിയിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ, കൗൺസിലർമാരായ പി.കെ.പ്രവീൺ, കെ.കെ.സുധീർ കുമാർ, താലൂക്ക് ആസ്പത്രി മെഡിക്കൽ ഓഫീസർ ഡോ.എ.അനിൽകുമാർ, സി.പി.രാജൻ, ലതിഷാഭായ്, കെ.ശാന്തകുമാരി, ശശി നടുവിലക്കണ്ടി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169744/panoor-covid-case)