---
title: "ദേശീയ പുരസ്‌കാര നിറവിൽ പുന്നാട് സ്വദേശി രാഹുൽ ഗോവിന്ദ്"
english_title: "National award winner"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/169958/national-award-winner"
published_at: "2023-12-17T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657eac2b6cfae_IMG-20231217-WA0005.jpg"
keywords: []
---

# ദേശീയ പുരസ്‌കാര നിറവിൽ പുന്നാട് സ്വദേശി രാഹുൽ ഗോവിന്ദ്

> **Lead Summary:**  **ഇരിട്ടി**: കൂൺ കൃഷിയിൽ ആധുനിക രീതികൾ അവലംബിച്ചു നേട്ടങ്ങളുണ്ടാക്കിയ ഇരിട്ടി മീത്തലെ പുന്നാട് സ്വദേശി രാഹുൽ ഗോവിന്ദനെ തേടി ദേശീയ പുരസ്ക‌ാരം. കൃഷി ജാഗരൺ മഹീന്ദ്ര ട്രാ‌ക്ടേഴ്സ‌് ഇന്ത്യയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ 'മില്ലനർ ഫാർമർ ഓഫ് ഇന്ത്യ' പുരസ്കാരമാണു രാഹുൽ ഗോവിന്ദനു ലഭിച്ചത്.

## Article Content

 **ഇരിട്ടി**: കൂൺ കൃഷിയിൽ ആധുനിക രീതികൾ അവലംബിച്ചു നേട്ടങ്ങളുണ്ടാക്കിയ ഇരിട്ടി മീത്തലെ പുന്നാട് സ്വദേശി രാഹുൽ ഗോവിന്ദനെ തേടി ദേശീയ പുരസ്ക‌ാരം. കൃഷി ജാഗരൺ മഹീന്ദ്ര ട്രാ‌ക്ടേഴ്സ‌് ഇന്ത്യയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ 'മില്ലനർ ഫാർമർ ഓഫ് ഇന്ത്യ' പുരസ്കാരമാണു രാഹുൽ ഗോവിന്ദനു ലഭിച്ചത്.

കാർഷിക മേഖലയിൽ മികവു പുലർത്തുകയും സാമ്പത്തിക ഭദ്രത നേടുകയും ചെയ്യുന്ന കർഷകരെ ആദരിക്കാൻ സംഘടിപ്പിച്ച പരിപാടിയാണിത്. ആദരിക്കപ്പെട്ടവരിൽ ദുബായ് ഭരണാധികാരിയുടെ കൃഷി കൺസൽട്ടന്റായ മലയാളി ബിജു ആൽബിൻ അടക്കം ക്ഷീര മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ മുതൽ നിലം ഉഴുതു മറിക്കുന്നവർ വരെയുണ്ട്.

മറൈൻ എൻജിനീയർ കൂടിയായ രാഹുൽ ഗോവിന്ദ് 6 വർഷക്കാലം മർച്ചന്റ് നേവിയിൽ ജോലി ചെയ്ത ശേഷമാണു കൂൺ കൃഷിയിലേക്കു തിരിയുന്നത്. മീത്തലെ പുന്നാടുള്ള കൃഷിയിടത്തിലാണു കൂൺ കൃഷി യൂണിറ്റ്.

അമ്മയ്ക്കു വേണ്ടി പരമ്പരാഗത രീതിയിൽ ചെറിയൊരു ഷെഡിൽ ആരംഭിച്ച കൂൺ കൃഷിയാണ് ഇന്നു നൂതന ശാസ്ത്രീയ രീതികൾ ഏർപ്പെടുത്തി മികച്ച ഹൈടെക് ഫാമായി മാറ്റിയത്. 'മൺസൂൺ മഷ്റൂം' എന്ന ബ്രാൻഡിൽ കേരളത്തിലെങ്ങും വിപണനവും നടത്തുന്നുണ്ട്.

യുവാക്കളെ കൃഷിയിലേക്കു പ്രോത്സാഹിപ്പിക്കുന്നതിനായി കണ്ണൂർ തളിപ്പറമ്പ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിച്ച 'ആര്യ' പരിശീലന പദ്ധതിയിൽ പങ്കെടുത്താണ് രാഹുൽ ഗോവിന്ദ് ആധുനിക കുൺ കർഷകനാകുന്നത്.

നിലവിൽ കൃഷി വിജ്‌ഞാൻ കേന്ദ്രത്തിലെ കൂൺ കൃഷി മാസ്‌റ്റർ ട്രെയിനറുമാണു രാഹുൽ ഗോവിന്ദ്. മീത്തലെ പുന്നാട് രമ്യാ നിവാസിൽ പി.എം.ഗോവിന്ദൻ നമ്പ്യാരുടെയും രമാദേവിയുടെയും മകനാണ്.ഭാര്യ: അനുശ്രീ, മകൻ: റയാൻ രാഹുൽ, സഹോദരി: രമ്യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/169958/national-award-winner)