---
title: "ബാരാപ്പോൾ തീരത്തെ കേരളത്തിന്റെ ഭൂമിയിലെ കാടുകൾ ജനകീയ സമതി വെട്ടിത്തെളിച്ചു; തടയാൻ കർണാടക വനപാലകരുടെ ശ്രമം"
english_title: "Barapol "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170025/barapol"
published_at: "2023-12-17T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657efdd099319_PicsArt_12-17-07.18.59.jpg"
keywords: []
---

# ബാരാപ്പോൾ തീരത്തെ കേരളത്തിന്റെ ഭൂമിയിലെ കാടുകൾ ജനകീയ സമതി വെട്ടിത്തെളിച്ചു; തടയാൻ കർണാടക വനപാലകരുടെ ശ്രമം

> **Lead Summary:** **ഇരിട്ടി:** കർണ്ണാടകയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏഴു കുടുംബങ്ങളുടെ 15 ഏക്കറോളം കൃഷി സ്ഥലം കൈവശപ്പെടുത്താനുള്ള കർണാടക വനം വകുപ്പിന്റെ നീക്കത്തിന് എതിരെ ജനകീയ സമിതി. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം വാർഡിലെ താമസക്കാരനായ നടുവിലെകിഴക്കയിൽ വിശ്വനാഥന്റെ വീട് വാസയോഗ്യം ആക്കുന്നതിന് പഞ്ചായത്ത് ഒരുലക്ഷം രൂപ അനുവദിച്ചെങ്കിലും കർണ്ണാടക വനം വകുപ്പ് നിർമ്മാണത്തിന് അനുവദിക്കാതെ വന്നതാണ് നിലവിലെ പ്രശനങ്ങൾക്ക് കാരണം. വന്യമൃഗങ്ങൾ കർണാടകയുടെ അതിർത്തി കടന്ന് കേരളത്തിൽ എത്തി ജനങ്ങളെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തതോടെയാണ് ജനങ്ങൾ സംഘടിച്ചു് കാടുകൾ വെട്ടിത്തെളിക്കാൻ എത്തിയത്. 

## Article Content

**ഇരിട്ടി:** കർണ്ണാടകയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏഴു കുടുംബങ്ങളുടെ 15 ഏക്കറോളം കൃഷി സ്ഥലം കൈവശപ്പെടുത്താനുള്ള കർണാടക വനം വകുപ്പിന്റെ നീക്കത്തിന് എതിരെ ജനകീയ സമിതി. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം വാർഡിലെ താമസക്കാരനായ നടുവിലെകിഴക്കയിൽ വിശ്വനാഥന്റെ വീട് വാസയോഗ്യം ആക്കുന്നതിന് പഞ്ചായത്ത് ഒരുലക്ഷം രൂപ അനുവദിച്ചെങ്കിലും കർണ്ണാടക വനം വകുപ്പ് നിർമ്മാണത്തിന് അനുവദിക്കാതെ വന്നതാണ് നിലവിലെ പ്രശനങ്ങൾക്ക് കാരണം. വന്യമൃഗങ്ങൾ കർണാടകയുടെ അതിർത്തി കടന്ന് കേരളത്തിൽ എത്തി ജനങ്ങളെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തതോടെയാണ് ജനങ്ങൾ സംഘടിച്ചു് കാടുകൾ വെട്ടിത്തെളിക്കാൻ എത്തിയത്. 

**വനപാലകർ എത്തി ജോലി തടയാൻ ശ്രമം**

ജനകീയ സമിതി കേരളത്തിന്റെ ഭൂമിയിൽ നടത്തിവന്ന ജോലികൾ തടയാൻ മാക്കൂട്ടം ഫോറസ്റ്റ് ഓഫിസിൽ നിന്നും എത്തിയ മൂന്നോളം ഉദ്യോഗസ്ഥർ ചേർന്ന് ശ്രമം നടത്തിയെങ്കിലും ജനകീയ സമിതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം പറയാൻ കഴിയാതെ ഉദ്യോഗസ്ഥർ മടങ്ങി. ഭൂമിയിൽ ഉടമസ്ഥ തർക്കം നിലനിൽക്കുന്നുണ്ടെന്നും വനം വകുപ്പ് ജീവനക്കാർ പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജോലി തുടരുകയായിരുന്നു.

വന്യമൃഗങ്ങൾ കേരളത്തിന്റെ സ്ഥലത്തെത്തി കൃഷി നശിപ്പിക്കുന്നതും പുഴയിൽ മൽസ്യബന്ധനത്തിന് എത്തുന്നവരെ ഭീക്ഷണി പെടുത്തുകയും ചെയ്യുന്ന വനപാലകരുടെ നടപടിയെ ജനകീയ സമിതിയിലെ അംഗങ്ങൾ ചോദ്യം ചെയ്തത് അൽപ സമയം സംഭവ സ്ഥലത്ത് വാക് വാദങ്ങൾക്ക് കാരണം ആയി. വിശ്വനാഥന്റെ കൃഷി നശിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥൻ അംഗങ്ങളുടെ കടുത്ത പ്രധിക്ഷേദത്തിന്‌ കാരണം ആയി. 

**ഡി എഫ് ഒ യുമായി അടുത്ത ആഴ്ച ചർച്ച** 

ഭൂമി സംബന്ധിച്ചു് തർക്കം നിലനിൽക്കുന്നതിന്റെ സാഹചര്യത്തിൽ വിശ്വനാഥൻറെ വീടിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതുമായ വിഷയത്തെക്കുറിച്ചു് ഡി എഫ് ഒയുമായി അടുത്ത ആഴ്ച ചർച്ച നടത്തും. ഡി എഫ് ഒയും പഞ്ചായത്ത് പ്രിസിഡണ്ടും തമ്മിൽ ഫോണിൽ സംസാരിച്ച ശേഷമായിരുന്നു ഈ തീരുമാനം. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി പഞ്ചായത്ത് ഓഫിസിൽ എത്തി ചർച്ച നടത്താമെന്നാണ് ഡി എഫ് ഒ അറിയിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ നേതൃത്വത്തിൽ എത്തിയ ജനകീയ സമിതിയിൽ വാർഡ് മെമ്പർ ബിജോയി പ്ലാത്തോട്ടം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ സനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി, സജി മച്ചിത്താന്നി, ഒ. ടി. അപ്പച്ചൻ, അഡ്വ. ജെയിംസ് ടി മാത്യു, ഒ.എ. അബ്രഹാം, ബിജിനിത്ത്, വിൽ‌സൺ, വാവച്ചൻ, ബിജു, തുടങ്ങി അന്പതോളം അംഗങ്ങൾ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170025/barapol)