---
title: "അഴിപ്പിച്ച ബാനര്‍ വീണ്ടും കെട്ടി എസ്എഫ്ഐ"
english_title: "Sfi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170035/sfi"
published_at: "2023-12-17T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f0a45712cb_n56618814417028244395631540b72221c6c76cb9a5285dc0d474b4eeb60a8ef0159e8f8d7f38a70cb0a7eb.jpg"
keywords: []
---

# അഴിപ്പിച്ച ബാനര്‍ വീണ്ടും കെട്ടി എസ്എഫ്ഐ

> **Lead Summary:** കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനര്‍ വീണ്ടും ഉയര്‍ത്തി SFIയുടെ പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി ബാനര്‍ വീണ്ടും കെട്ടുകയാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്.

## Article Content

കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് അഴിപ്പിച്ച ബാനര്‍ വീണ്ടും ഉയര്‍ത്തി SFIയുടെ പ്രതിഷേധം. ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളികളുമായി ബാനര്‍ വീണ്ടും കെട്ടുകയാണ്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനം താറുമാറായെന്നും തനിക്കെതിരെ പൊലീസ് പോസ്റ്ററുകള്‍ പതിപ്പിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും ആരോപിച്ച്‌ രാജ്ഭവൻ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്ന ആരോപണം തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമായും ഉന്നയിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാലയിലെ ബാനര്‍ നീക്കം ചെയ്യല്‍ പൊലീസിന്റെ ഉത്തരവാദിത്വമല്ലെന്നും പൊലീസ് അത് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നേരത്തേ പ്രതികരിച്ചത്. അത്തരം നീക്കങ്ങള്‍ അനുവദിക്കില്ല. ഒരു ബാനര്‍ നശിപ്പിച്ചാല്‍ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും. ഗവര്‍ണ്ണര്‍ അനുകൂല ബാനറുകളും ക്യാമ്ബസിലുണ്ട്. ഏതെങ്കിലും ചിലത് മാത്രം മാറ്റുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഗവര്‍ണര്‍ എത്തി ബാനര്‍ അഴിപ്പിച്ചത്.

ബാനറുകളില്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളതെന്നും ചോദ്യങ്ങളെ ചാൻസിലര്‍ ഭയക്കുന്നുവെങ്കില്‍ ഗവര്‍ണര്‍ക്ക് എന്തോ തകരാര്‍ ഉണ്ടെന്നും ആര്‍ഷോ വിമര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ക്ക് നിലവാരം ഇടിയുകയാണ്. ഞങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി തരുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ ചാൻസിലര്‍ക്ക് ബാധ്യതയുണ്ട്. രാജ്ഭവനില്‍ ഇരിക്കുന്നത് കൊണ്ട് രാജാവ് ആണെന്ന് കരുതുന്നത് ശെരിയല്ല. ഗവര്‍ണര്‍ തമാശ കഥാപാത്രം പോലെയായി മാറി. ആയിരക്കണക്കിന് പോലീസിന്റെ ഇടയില്‍ നിന്നാണ് അദ്ദേഹം വെല്ലുവിളിക്കുന്നതെന്നും ഗവര്‍ണറെ ആക്രമിക്കുന്നത് അജണ്ടയല്ലെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170035/sfi)