---
title: "പരിയാരം ഗവ.മെഡിക്കൽ കോളജിൽ സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിനെ തുടർന്ന് സർജൻമാർ നടത്തി വന്ന സമരം പിൻവലിച്ചു"
english_title: "Pariyaram gov medical college"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170240/pariyaram-gov-medical-college"
published_at: "2023-12-18T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65801c34e5c89_IMG-20231218-WA0003.jpg"
keywords: []
---

# പരിയാരം ഗവ.മെഡിക്കൽ കോളജിൽ സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിനെ തുടർന്ന് സർജൻമാർ നടത്തി വന്ന സമരം പിൻവലിച്ചു

> **Lead Summary:** **പരിയാരം**: ഗവ.മെഡിക്കൽ കോളജ് 2018 ബാച്ച് ഹൗസ് സർജൻമാർ അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിനെ തുടർന്ന് 14 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു.

## Article Content

**പരിയാരം**: ഗവ.മെഡിക്കൽ കോളജ് 2018 ബാച്ച് ഹൗസ് സർജൻമാർ അഞ്ച് മാസമായി സ്റ്റൈപ്പൻ്റ് ലഭിക്കാത്തതിനെ തുടർന്ന് 14 ദിവസമായി നടത്തി വന്ന സമരം പിൻവലിച്ചു.

മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായി നടന്ന ചർച്ചയിൽ സ്റ്റൈപ്പൻ്റ് ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ നീക്കാൻ വേഗത്തിലുള്ള ഇടപെടൽ നടത്തുമെന്നും സസ്പെൻഷൻ ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ പിൻവലിക്കുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

കഴിഞ്ഞ 4 നാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ഐ.എം.എ, പി.ജി അസോസിയേഷൻ, ആംസ്റ്റ, കെ.ജി.എം.ഒ, എൻ.ജി.ഒ, കെ.എൻ.എ, തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ അറിയിക്കുകയും പി.ജി അസോസിയേഷൻ ഒരു ദിവസം സൂചനാ പണിമുടക്ക് നടത്തുകയും ചെയ്തു.

എം.എൽ.എ, പ്രിൻസിപ്പൽ, ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി, മെഡിക്കൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ട് സമരത്തിലുള്ള ഹൗസ് സർജൻമാരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.

സമരം നീണ്ടു പോകുന്നത് മെഡിക്കൽ കോളജിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. രോഗികളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് തള്ളിവിടാൻ താൽപര്യമില്ലെന്നും അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് സമരം പിൻവലിക്കുകയാണെന്നും ഹൗസ് സർജൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170240/pariyaram-gov-medical-college)