---
title: "സംസ്ഥാന സീനിയർ പുരുഷ - വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി ഒന്ന് മുതൽ"
english_title: "Volleyball "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/170349/volleyball"
published_at: "2023-12-18T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65807cbcae0c0_volleyball-league-bccl.jpg"
keywords: []
---

# സംസ്ഥാന സീനിയർ പുരുഷ - വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി ഒന്ന് മുതൽ

> **Lead Summary:** **മാനന്തവാടി:** വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന, റിമാൽ ഗ്രൂപ്പ്‌ ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ പുരുഷ - വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് 2024 ജനുവരി 1 മുതൽ 7 വരെ മാനന്തവാടിയിൽ വച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിത ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

## Article Content

**മാനന്തവാടി:** വയനാട് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന, റിമാൽ ഗ്രൂപ്പ്‌ ട്രോഫിക്ക് വേണ്ടിയും രാജേഷ് മണ്ണാപറമ്പിൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള സംസ്ഥാന സീനിയർ പുരുഷ - വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പ് 2024 ജനുവരി 1 മുതൽ 7 വരെ മാനന്തവാടിയിൽ വച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള പുരുഷ-വനിത ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

ആദ്യത്തെ 3 ദിവസം ലീഗ് റൗണ്ടാണ്, ലീഗ് റൗണ്ടിൽ രാവിലെ 8 മുതൽ രാത്രി 11 മണി വരെ കളിയുണ്ടായിരിക്കും. ജനുവരി 4 മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിച്ചാൽ വൈകുന്നേരം 5 മണിക്കാണ് കളി തുടങ്ങുക. 4, 5 തിയതികളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും 6 ന് സെമി ഫൈനൽ മത്സരങ്ങളും 7 ന് ഫൈനൽ മത്സരങ്ങളും നടക്കും.

ഉദ്ഘാടന സമാപന സമ്മേളനങ്ങളിൽ സംസ്ഥാന സ്പോർട്സ് യുവജനക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, മറ്റ് മന്ത്രിമാർ, സ്പീക്കർ എ എൻ ഷംസീർ, എംഎൽഎമാരായ ഓ ആർ കേളു, ടി.സിദ്ധിഖ്, ഐ.സി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് യു ഷറഫലി, മുൻ ഇന്ത്യൻ വോളി താരവും അർജുന അവാർഡ്‌ ജേതാവും ആയ ടോം ജോസഫ്, കിഷോർ കുമാർ തുടങ്ങിയവർ പങ്കെടുക്കും. മത്സരത്തിന്റെ സീസൺ ടിക്കറ്റുകൾ കസേര 1000 രൂപയും ഗാലറി 750 രൂപ എന്നിങ്ങനെയാണ്. കൗണ്ടറിൽ നിന്നുള്ള ഡെയ്ലി ടിക്കറ്റുകളും ലഭ്യമാകും. 

മാനന്തവാടി താഴെയങ്ങാടി ഹൗസിംഗ് ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താൽക്കാലിക ഫ്ലഡ് ലൈറ്റ്സ്റ്റേഡിയം നിർമ്മിക്കുന്നത്. സംഘാടക സമിതി രൂപീകരിച്ച് ടൂർണമെന്റ് വിജയത്തിനായുള്ള ഒരുക്കങ്ങളും പ്രചരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വിവിധ അനുബന്ധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/170349/volleyball)